X

“കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു രാജാക്കന്മാരെ മറന്ന് മാവോ സെ ദൊങിനെപ്പറ്റി പഠിപ്പിച്ചു”; പുതിയ സിലബസ് വരുമെന്ന് ത്രിപുര മുഖ്യമന്ത്രി

ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ കഴിഞ്ഞ 25 വര്‍ഷക്കാലത്തെ ഇടതുഭരണത്തിന് കീഴില്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ത്രിപുരയില്‍ ദീര്‍ഘകാലം അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു രാജാക്കന്മാരെപ്പറ്റി പഠിപ്പിക്കാതെ മാവോ സെ ദൊങിനെ പഠിപ്പിച്ചെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ എന്‍സിഇആര്‍ടി സിലബസ് നടപ്പാക്കുമെന്ന് ബിപ്ലവ് കുമാര്‍ പ്രഖ്യാപിച്ചു. ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ കഴിഞ്ഞ 25 വര്‍ഷക്കാലത്തെ ഇടതുഭരണത്തിന് കീഴില്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടി അഗര്‍ത്തലയില്‍ സംഘടിപ്പിച്ച ആദ്യ നീതി ആയോഗ് മീറ്റില്‍ സംസാരിക്കവെയാണ് വിദ്യാഭ്യാസത്തില്‍ വന്‍ ഇടപെടല്‍ നടത്താനുള്ള തീരുമാനം ബിപ്ലവ് കുമാര്‍ അറിയിച്ചത്. സര്‍ക്കാര്‍ പാഠ പുസ്തകങ്ങളില്‍ നിന്നും മഹാത്മാ ഗാന്ധിയെ നീക്കം ചെയ്തിരുന്നതായും അദ്ദേഹം ആരോപിച്ചു. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെപ്പറ്റിയും ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ ജനനം സംഭവിച്ചതിനെപ്പറ്റിയും നാസിസത്തെപ്പറ്റിയും ഹിറ്റ്ലറെപ്പറ്റിയും പഠിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെപ്പറ്റി പഠിപ്പിച്ചിരുന്നില്ലെന്നും ഇന്ത്യാ ചരിത്രത്തിലെ നിരവധി ഭാഗങ്ങള്‍ ടെക്സ്റ്റ് ബുക്കുകളില്‍ ചേര്‍ത്തിരുന്നില്ലെന്നും ബിപ്ലവ് കുമാര്‍ ആരോപിച്ചു.

This post was last modified on April 11, 2018 11:49 am