X

ഗോവധ നിരോധനത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നു: കര്‍ണാടക മന്ത്രി യുടി ഖാദര്‍

പശുക്കളോട് ബിജെപിക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജ്യത്തിന് മൊത്തമായി പശു കശാപ്പ് നിരോധന നിയമം കൊണ്ടുവരുകയും ബീഫ് കയറ്റുമതി നിര്‍ത്തിവയ്ക്കുകയുമാണ് വേണ്ടത്. ഞങ്ങള്‍ ഇതിനെ പിന്തുണയ്ക്കും.

ഗോവധ നിരോധനത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നതായി കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യുടി ഖാദര്‍. രാജ്യവ്യാപകമായി ഇത്തരമൊരു നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ കോണ്‍ഗ്രസ് അതിനെ പിന്തുണക്കുമെന്നും യുടി ഖാദര്‍ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പൊതുപരിപാടിക്കിടെ ദ ഹിന്ദുവിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പശുക്കളോട് ബിജെപിക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജ്യത്തിന് മൊത്തമായി പശു കശാപ്പ് നിരോധന നിയമം കൊണ്ടുവരുകയും ബീഫ് കയറ്റുമതി നിര്‍ത്തിവയ്ക്കുകയുമാണ് വേണ്ടത്. ഞങ്ങള്‍ ഇതിനെ പിന്തുണയ്ക്കും. എന്നാല്‍ ഇതിന് പകരം വെറുതെ രാഷ്ട്രീയം നേട്ടത്തിനായി കളിക്കുകയാണ് സംഘപരിവാര്‍ – യുടി ഖാദര്‍ കുറ്റപ്പെടുത്തി. കൈരന്‍ഗളയിലെ അമൃതധാര ഗോശാലയില്‍ നിന്നുള്ള പശു മോഷണം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം വേണമെന്നും യുടി ഖാദര്‍ പറഞ്ഞു.

ദക്ഷിണ കന്നഡയിലെ കൈരന്‍ഗളയില്‍ വ്യാപകമായി പശു മോഷണം നടക്കുന്നതായി ഈ പ്രശ്‌നത്തില്‍ യുടി ഖാദര്‍ ഇടപെടുന്നില്ലെന്നും ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിമര്‍ശനമുയര്‍ത്തുന്ന സാഹചര്യക്തിലാണ് ഖാദറിന്റെ പ്രസ്താവന. കഴിഞ്ഞയാഴ്ചയുണ്ടായ പശു മോഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട് ഗോശാല പ്രസിഡന്റ് ടിജി രാജാറാം ഭട്ട് നിരാഹാരത്തിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന് പിന്തുണയുമായി രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിജിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട്. യുടി ഖാദറിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ബീഫ് തിന്നുന്ന ഖാദര്‍ കയറിയ ക്ഷേത്രങ്ങള്‍ കഴുകി വൃത്തിയാക്കണമെന്നാണ് ആര്‍എസ്എസ് നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ട് പറഞ്ഞത്.

This post was last modified on April 10, 2018 12:12 pm