X

മനുഷ്യനെ പോലെ തന്നെയല്ലേ പശുക്കളും? ആള്‍ക്കൂട്ടകൊലകള്‍ കാര്യമാക്കണ്ട: യോഗി

സര്‍ക്കാര്‍ എല്ലാവരേയും സംരക്ഷിക്കാന്‍ തയ്യാറാണ്. എന്നാല്‍ വ്യക്തികളും സമുദായങ്ങളും മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാവണമെന്നും യോഗി എഎന്‍ഐയോട് പറഞ്ഞു.

മനുഷ്യനെ പോലെ തന്നെ പ്രധാനമാണ് പശുക്കളെന്നും ആള്‍ക്കൂട്ട കൊലകള്‍ കാര്യമാക്കേണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്നുകാലികളെ കടത്തിയതായി ആരോപിച്ച് നാല് പേരെ പശ്ചിമ യുപിയില്‍ പശുരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. മനുഷ്യനേയും പശുവിനേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

സര്‍ക്കാര്‍ എല്ലാവരേയും സംരക്ഷിക്കാന്‍ തയ്യാറാണ്. എന്നാല്‍ വ്യക്തികളും സമുദായങ്ങളും മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാവണമെന്നും യോഗി എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും യോഗി അഭിപ്രായപ്പെട്ടു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സംഭവിച്ചത് ആള്‍ക്കൂട്ട കൊലകളല്ലേ എന്നും രാജ്‌നാഥ് സിംഗിന്റെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ട് യോഗി ചോദിച്ചു.

2015ല്‍ ദാദ്രിയില്‍ ബിഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ശേഷം യുപിയില്‍ ഇത്തരത്തില്‍ 11 ആള്‍ക്കൂട്ട അക്രമങ്ങളാണ് ഇതുവരെയുണ്ടായത് എന്ന് ഇന്ത്യ സ്‌പെന്‍ഡ് പറയുന്നു. ലക്‌നൗവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹത്രാസ് ജില്ലയിലാണ് ഇന്ന് രാവിലെ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണമുണ്ടായത്. ചത്ത എരുമയെ കൊണ്ടുപോയിരുന്ന നാല് പേരെയാണ് ഗോരക്ഷകര്‍ ആക്രമിച്ചത്. പൊലീസുകാര്‍ ഇടപെട്ടതുകൊണ്ടാണ് നാല് പേരും ജീവനോടെ രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാറില്‍ 28കാരനെ കന്നുകാലി കടത്ത് ആരോപിച്ച് ഗോരക്ഷ ക്രിമിനലുകള്‍ തല്ലിക്കൊന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് യുപിയിലെ സംഭവം. വിവിധ സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ അരങ്ങേറുന്ന കൊലപാതങ്ങളും അതിക്രമങ്ങളും കൈകാര്യം ചെയ്യണ്ടത് ക്രമസമാധാന ചുമതലയുള്ള സംസ്ഥാനങ്ങളാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്ന നിലപാട്.

This post was last modified on July 25, 2018 9:39 pm