X

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ബില്‍ ലോക് സഭ പാസാക്കി

ലൈംഗിക പീഡനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കിയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാം.

പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. ലൈംഗിക പീഡനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കിയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാം. കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവായിരിക്കും. ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ പാസാക്കാന്‍ ലോക്‌സഭ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പ്രതിയായ ബലാത്സംഗ കേസും സഭയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഏപ്രില്‍ 21ന് കൊണ്ടുവന്ന ക്രിമിനല്‍ ലോ (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കുള്‍പ്പെടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണ് പുതിയ നിയമമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.