X

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണം: എഡ്വേഡ് സ്‌നോഡന്‍

ജനുവരിയില്‍ മാത്രം ഇത് മൂന്നാം തവണയാണ് ഈ മുന്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ ആധാറിനെതിരെ രംഗത്തെത്തുന്നത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിന് പിന്നാലെ ആധാറിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍. ‘വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ്’ ആധാര്‍ എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ ഉന്നയിക്കുന്നത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ചാര സംഘടനയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) മുന്‍ തലവന്‍ കെ.സി.വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്‌നോഡന്‍ തന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിന് വേണ്ടി നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനേയും സ്‌നോഡന്‍ വിമര്‍ശിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുഐഡിഎഐ (യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ട്വീറ്റിനെയും സ്‌നോഡന്‍ വിമര്‍ശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി വിവരങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തുവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങള്‍, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡാറ്റാബേസിലില്ലെന്നും ട്വീറ്റില്‍ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ് ടാഗോടെയായിരുന്നു വിശദീകരണം. എന്നാല്‍ ബാങ്കുകളേയും ഭൂവുടമകളേയും ആശുപത്രികളേയും സ്‌കൂളുകളേയും ഫോണ്‍-ഇന്റര്‍നെറ്റ് കമ്പനികളേയും ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് നിയമം മൂലം മാറ്റിനിര്‍ത്തിയാല്‍ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്‌നോഡന്റെ മറുപടി. സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമല്ല ഇന്ത്യയില്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാണെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം കമ്പനികളുടെ കയ്യിലും ആധാര്‍ ഡേറ്റാബേസ് ഉണ്ടാകുമെന്നോര്‍ക്കണമെന്നും സ്‌നോഡന്‍ പറയുന്നു.

ജനുവരിയില്‍ മാത്രം ഇത് മൂന്നാം തവണയാണ് ഈ മുന്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ ആധാറിനെതിരെ രംഗത്തെത്തുന്നത്. സഖ്യരാജ്യങ്ങളിലടക്കം അമേരിക്ക നടത്തിയ ചാരപ്പണി സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് വേട്ടയാടപ്പെടുന്ന സ്‌നോഡന്‍ റഷ്യ നല്‍കിയ രാഷ്ട്രീയ അഭയത്തില്‍ മോസ്‌കോയിലാണുള്ളത്.

This post was last modified on January 22, 2018 9:48 am

Related Post
Leave a Comment