X

ത്രിപുരയിലെ ചെങ്കൊടി ബിജെപി താഴ്ത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍; ജനവിധി മാര്‍ച്ച് മൂന്നിന് അറിയാം

എക്‌സിറ്റ് പോള്‍ പറയുന്നത് തന്നെയാണോ ത്രിപുരയിലെ യഥാര്‍ത്ഥ ജനവിധി എന്ന് മാര്‍ച്ച് മൂന്നിന് അറിയാം.

ത്രിപുരയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന  സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഇത്തവണ അടി തെറ്റും എന്നാണ് പുറത്തുവന്ന രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുമൊത്ത് ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം. വോട്ടെടുപ്പ് നടന്ന 59 സീറ്റുകളില്‍ 35-45 സീറ്റുകള്‍ ബിജെപി സഖ്യം നേടും. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 14-23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകുമെന്നും എക്‌സിറ്റ് പോള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തവണ 50 സീറ്റുകളാണ് സിപിഎം നേടിയിരുന്നത്. അതേസമയം, ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനമനുസരിച്ച് സിപിഎമ്മിന്റെ നില കൂടുതല്‍ മോശമാണ്. 45-50 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ഇടതുമുന്നണിക്ക് 9-10 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവര്‍ പറയുന്നു. ബിജെപി സഖ്യം 51 ശതമാനം വോട്ട് നേടുമെന്ന് ന്യൂസ്‌ എക്സ് പറയുമ്പോള്‍ 49 ശതമാനം വോട്ടുകളാണ് ആക്സിസ് പ്രവചിക്കുന്നത്. എക്‌സിറ്റ് പോള്‍ പറയുന്നത് തന്നെയാണോ ത്രിപുരയിലെ യഥാര്‍ത്ഥ ജനവിധി എന്ന് മാര്‍ച്ച് മൂന്നിന് അറിയാം.

നാഗാലാന്‍ഡിലും ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് ന്യൂസ് എക്‌സിന്റെ കണ്ടെത്തല്‍. 27-32 സീറ്റുകള്‍ നേടി ബിജെപി – നെയ്ഫു റിയോ സഖ്യം അധികാരത്തില്‍ എത്തുമെന്ന് അവര്‍ പ്രവചിക്കുന്നു. മുഖ്യമന്ത്രി സെയ്ലിയാങ്ങിന്റെ എന്‍പിഎഫിന് 20-25 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 0-2 വരെ സീറ്റുകള്‍ മാത്രമാണ് ന്യൂസ് എക്‌സിന്റെ പ്രവചനം. മേഘാലയയിലും ബിജെപി നേട്ടം കൊയ്യുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 60 അംഗ നിയമസഭയില്‍ പകുതിയോളം സീറ്റുകള്‍ ബിജെപി നേടുമെന്ന് അവര്‍ പറയുന്നു. കോണ്‍ഗ്രസ് 20 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകും. എന്നാല്‍ ന്യൂസ് എക്‌സിന്റെ സര്‍വേ പറയുന്നത് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി 23-27 സീറ്റുകള്‍ നേടുമെന്നാണ്.

അതേസമയം സീ വോട്ടര്‍ സര്‍വേ ഇടതുമുന്നണിയും ബിജെപിയും ഒപ്പത്തിനൊപ്പം എന്നാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 26 മുതല്‍ 34 വരെ സീറ്റും ബിജെപി സഖ്യത്തിന് 24 മുതല്‍ 32 വരെ സീറ്റും പ്രവചിക്കുന്നു. കോണ്‍ഗ്രസ് പരമാവധി രണ്ട് സീറ്റ് വരെ നേടാമെന്നും സീ വോട്ടര്‍ സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് ന്യൂസ് എക്‌സ് പറയുമ്പോള്‍ മൂന്ന് സീറ്റ് വരെ നേടാമെന്നാണ് ആക്‌സിസിന്റെ പ്രവചനം.

This post was last modified on February 28, 2018 12:21 pm