X

ആധാര്‍ വിരലടയാളം ചേരുന്നില്ല: ഡല്‍ഹിയില്‍ 26,000 പേര്‍ക്ക് റേഷനില്ല

പലരോടും ജനുവരി 15ന് ശേഷം വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൃഷ്ണമണിയുടെ സ്‌കാനും വണ്‍ ടൈം പാസ് വേര്‍ഡും പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അത്തരമൊരു നീക്കവുമുണ്ടായിട്ടില്ല.

റേഷന്‍ കടയിലെ ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയ e-PoS (electronic Point of Sale) ഡിവൈസ് വിരലടയാളം അംഗീകരിക്കാത്തത് മൂലം ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ നഷ്ടമാകുന്നു. ജനുവരി ഒന്ന് മുതലാണ് ഡല്‍ഹിയിലെ ആകെയുള്ള 2255 റേഷന്‍ കടകളില്‍ സര്‍ക്കാര്‍ ആധാര്‍ ഇ പിഒഎസ് ഡിവൈസുകള്‍ സ്ഥാപിച്ചത്. വിരലടയാളം പതിയാത്തതും മെഷിനുകളുടെ കണക്ടിവിറ്റി പ്രശ്‌നങ്ങളുമെല്ലാം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പലരോടും ജനുവരി 15ന് ശേഷം വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൃഷ്ണമണിയുടെ സ്‌കാനും വണ്‍ ടൈം പാസ് വേര്‍ഡും പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അത്തരമൊരു നീക്കവുമുണ്ടായിട്ടില്ല.

ഒരു ഉപഭോക്താവിന് പരമാവധി അഞ്ച് കിലോ അരി വരെയാണ് റേഷന്‍ കടയില്‍ നിന്ന് കിട്ടുക. റേഷന്‍ കടയില്‍ ഒരു കിലോ അരിക്ക് മൂന്ന് രൂപയാണ് വില. മറ്റിടങ്ങളില്‍ 35 രൂപയും. റേഷന്‍ കടയില്‍ കിലോയ്ക്ക് രണ്ട് രൂപ വിലയുള്ള ഗോതമ്പിന് പുറത്ത് 20 രൂപയാണ് വില. 15,14,045 റേഷന്‍ ഉപഭോക്താക്കളില്‍ 98 ശതമാനത്തിനും റേഷന്‍ ഉറപ്പായിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറയുമ്പോള്‍ ബാക്കി രണ്ട് ശതമാനത്തിന്റെ അതായത് 26,201 പേരുടെ കാര്യമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. മെഷിന്‍ ശരിയായി പ്രവര്‍ത്തിക്കാത്തതും കണക്ടിവിറ്റി പ്രശ്‌നങ്ങളും മൂലം രണ്ടും മൂന്നും മണിക്കൂറുകള്‍ വരെ വൃദ്ധരടക്കമുള്ളവര്‍ക്ക് റേഷന്‍ കടയില്‍ ക്യൂവില്‍ കാത്ത് നില്‍ക്കേണ്ടി വരുന്നു. സ്ത്രീകളാണ് മിക്കവാറും റേഷന്‍ വാങ്ങാനായി ക്യൂവിലെത്തുന്നത്. ആന്റിനകള്‍ വച്ചും സിം കാര്‍ഡുകള്‍ മാറ്റിയും മെഷിനുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഭക്ഷ്യ മന്ത്രി ഇമ്രാന്‍ ഹുസൈന്റെ വാദം. എന്നാല്‍ ഇത് തള്ളിക്കളയുകയാണ് റേഷന്‍ വ്യാപാരികള്‍. സ്വന്തം വൈ ഫൈ കണക്ഷന്‍ ഉപയോഗിച്ചും മെഷീന്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വൈ ഫൈ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ മെഷിന് കഴിയുന്നില്ല.

ഓതന്റിക്കേഷന്‍ പരാജയപ്പെടുന്ന പക്ഷം എട്ട് ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രം റേഷന്‍ നല്‍കാം എന്നാണ് ഗവണ്‍മെന്റ് സര്‍ക്കുലര്‍ പറയുന്നത്. എട്ട് ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് റേഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ റേഷന്‍ കടയില്‍ നിയോഗിക്കണം. ഡിസംബറില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പിഒഎസ് മെഷിനുകള്‍ റേഷന്‍ കടകളില്‍ വച്ചുതുടങ്ങിയിരുന്നു. ഡിസംബര്‍ 15ന് മെഷിനുകളുടെ കണക്ടിവിറ്റി പ്രശ്‌നവും വിരലടയാളം തിരിച്ചറിയാത്തതുമെല്ലാം ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്‌സ് സംഘ് ഗവണ്‍മെന്റിന് കത്ത് നല്‍കിയിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ജനുവരി ഒന്ന് മുതല്‍ എല്ലാ റേഷന്‍ കടകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തി എന്നാണ് പരാതി.

This post was last modified on January 27, 2018 10:04 am