ഗുജറാത്തിലെ മെഹ്സാനയില്‍ ദലിതരുടെ തലമുടി വെട്ടിയതിന് മേല്ജാതിക്കാരനായ ബാര്‍ബര്‍ക്ക് സവര്‍ണ സമുദായക്കാരുടെ മര്‍ദ്ദനം. നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെഹ്സാന ജില്ലയിലെ സത്്ലാസ്ന താലൂക്കില്‍ ഉമ്രച ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ജിഗര്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് നാല് പേര് ചേര്‍ന്ന് ജിഗറിന്റെ സലൂണ്‍ ആക്രമിച്ചത് – ഗോവിന്ദ് ചൗധരി, നാന്ജി ചൗധരി, രാജേഷ് ചൗധരി, വസന്ത് ചൗധരി എന്നിവരാണ് പ്രതികള്‍ എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. നാല് പേരും ഇതേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്.
ദലിതരുടെ മുടി വെട്ടരുതെന്ന് പറഞ്ഞ് നേരത്തെ ഇവര്‍ ജിഗറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഉമ്രച ഗ്രാമത്തില്‍ ഇതുവരെയും ദലിതര്‍ക്ക് എവിടെയെങ്കിലും പോകുന്നതിന് ആരെങ്കിലും വിലക്കേര്‍പ്പെടുത്തിയ സംഭവം ഉണ്ടായിട്ടില്ലെന്നാണ് ദലിതരായ ഗ്രാമവാസികള്‍ തന്നെ പറയുന്നതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ മാസം ആദ്യം 13കാരനായ ദലിത് ബാലനെ അഞ്ച് സവര്‍ണര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. സവര്‍ണജാതിക്കാരെ പോലെ സ്വര്‍ണമാലയും പരമ്പരാഗത ചെരിപ്പും അണിഞ്ഞു എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.