X

ഹരിയാനയിലെ മഹേന്ദ്രഗഡില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റ മര്‍ദ്ദനം

യാതൊരു പ്രകോപനവും കൂടാതെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആ സമയത്ത്  അവിടെയുണ്ടായിരുന്നവരില്‍ ആരും തങ്ങളുടെ സഹായത്തിനെത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹരിയാനയിലെ മഹേന്ദ്രഗഡില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റ മര്‍ദ്ദനം. ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. 15 അക്രമികള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍ക്കറ്റിലെത്തിയപ്പോളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വടികളും കല്ലുകളും ഹെല്‍മറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആ സമയത്ത്  അവിടെയുണ്ടായിരുന്നവരില്‍ ആരും തങ്ങളുടെ സഹായത്തിനെത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ശേഷം ഡിസ്ചാര്‍ജ് ആയി.

ഹരിയാന പൊലീസ് ആവശ്യമായ നടപടി എടുത്തിട്ടുണ്ടെന്നും തങ്ങള്‍ ഹരിയാന പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോട്, ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചതൊന്നുമല്ല രാജ്യത്ത് നടക്കുന്നതെന്നും ഹരിയാന സര്‍ക്കാര്‍ ഈ അക്രമത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. അക്രമത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഒമര്‍ അബ്ദുള്ളയെ ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.