X

നഴ്‌സുമാര്‍ക്കെതിരെ വീണ്ടും പ്രതികാര നടപടി; ചേര്‍ത്തല കെവിഎ ആശുപത്രിയില്‍ ശമ്പളം നിഷേധിച്ചു

സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും സമരത്തിന്റെ ഭാഗമല്ലാത്ത നഴ്സിങ്ങ് ജീവനക്കാരിക്കും മാത്രമാണ് നല്‍കിയത്. ഇതിന് പുറമെയാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സൂചിപ്പിച്ച് മോശമായ ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം നഴ്സിങ്ങ് സൂപ്രണ്ട് സമരത്തില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് അയച്ചത്

ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ 41 ദിവസമായി സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ വീണ്ടും മാനെജ്മെന്റിന്റെ പ്രതികാരം. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കാതെയാണ് പ്രതികാര നടപടി. കൂടാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന ഭീഷണി സന്ദേശവും നഴ്സിങ്ങ് സൂപ്രണ്ട് അയച്ചു.

യുഎന്‍എ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്സുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം തുടങ്ങിയത്. മന്ത്രിമാര്‍ അടക്കം ഇടപെട്ടിട്ടും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും സമരം ഒത്തു തീര്‍പ്പാക്കാനും മാനെജ്മെന്റ് തയ്യാറായിരുന്നില്ല. കൂടുതല്‍ പേരെ പിരിച്ചുവിടും എന്ന ഭീഷണിയാണ് മാനെജ്മെന്റ് മുഴക്കിയത്.

അതിനു പുറമെയാണ് ഇപ്പോള്‍ പുതിയ പ്രതികാരനടപടിയായി ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളവും നഴ്സുമാര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും സമരത്തിന്റെ ഭാഗമല്ലാത്ത നഴ്സിങ്ങ് ജീവനക്കാരിക്കും മാത്രമാണ് നല്‍കിയത്. ഇതിന് പുറമെയാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സൂചിപ്പിച്ച് മോശമായ ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം നഴ്സിങ്ങ് സൂപ്രണ്ട് സമരത്തില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് അയച്ചത്.

 

This post was last modified on September 30, 2017 9:17 am