X

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ഇന്ത്യ ടുഡേ അഭിപ്രായ സര്‍വേ; കോണ്‍ഗ്രസ് വലിയ കക്ഷിയാകും

അതേസമയം 34 മുതല്‍ 43 വരെ സീറ്റ് നേടിയേക്കാവുന്ന എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് ആയിരിക്കും ഇത്തവണ 'കിംഗ് മേക്കര്‍' എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.

കര്‍ണാടകയില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭയായിരിക്കും ഉണ്ടാവുകയെന്ന് അഭിപ്രായ സര്‍വേ പ്രവചനം. ഇന്ത്യ ടുഡേയും കാര്‍വിയും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 90 മുതല്‍ 101 വരെ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ബിജെപി 78 മുതല്‍ 86 വരെ സീറ്റ് നേടും. അതേസമയം 34 മുതല്‍ 43 വരെ സീറ്റ് നേടിയേക്കാവുന്ന എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് ആയിരിക്കും ഇത്തവണ ‘കിംഗ് മേക്കര്‍’ എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.

കോണ്‍ഗ്രസിന് 2013ലേതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണ കിട്ടിയ 36.59 ശതമാനം വോട്ട് ഇത്തവണ 37 ശതമാനമായി വര്‍ദ്ധിക്കും. എന്നാല്‍ ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകും. കഴിഞ്ഞ തവണ നേടിയ 19.89 ശതമാനം വോട്ട് ബിജെപി ഇത്തവണ 35 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ തവണ കിട്ടിയ 19.89 ശതമാനത്തില്‍ നിന്ന് ജെഡിഎസിന്റെ വോട്ട് വിഹിതം കുറയും. കഴിഞ്ഞ തവണ ജെഡിഎസ് ഒറ്റയ്ക്കാണ് 19.89 ശതമാനം വോട്ട് നേടിയത്. എന്നാല്‍ ഇത്തവണ ജെഡിഎസ് – ബിഎസ്പി സഖ്യത്തിന് 19 ശതമാനം വോട്ടേ കിട്ടൂ എന്നാണ് സര്‍വേ പറയുന്നത്.

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 122 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ബിജെപി 40 സീറ്റില്‍ ഒതുങ്ങിയിരുന്നു. ജെഡിഎസും കഴിഞ്ഞ തവണ 40 സീറ്റാണ് നേടിയത്. അതേസമയം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നില വന്നാല്‍ ജെഡിഎസ് – ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ പിന്തുണക്കണം എന്നാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 39 ശതമാനം പേരും ജെഡിഎസ് സഖ്യം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് പിന്തുണ നല്‍കണമെന്നാണ് 29 ശതമാനം പേരുടെ ആവശ്യം. കോണ്‍ഗ്രസിന് ഇത്തവണ അധികാര തുടര്‍ച്ച ലഭിക്കണം എന്ന് 45 ശതമാനം പേരും കരുതുന്നു.