X

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കേരളത്തിലെ കത്തോലിക്കാസഭയുടെ പുരോഹിതനേതൃത്വത്തിന് മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിന് ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ സമുദായ പരിഷ്കരണവാദിയും കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വത്തിന്‍റെ ശക്തനായ വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. കേരളത്തിലെ കത്തോലിക്ക സഭയുടെ പാശ്ചാത്യ മാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന്, മാർപാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിന് ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്.

ഭരണങ്ങാനം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ 1932 ഏപ്രില്‍ 14നാണ് ജനനം. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന്‍  സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേല്‍ 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു. സഭാ നേതൃത്വത്തിന് എതിരായ തുറന്ന വിമര്‍ശനങ്ങള്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച ‘ഓശാന’ മാസിക കത്തോലിക്ക സഭയ്ക്കെതിരായ വിമര്‍ശനത്തിലൂന്നി പ്രവര്‍ത്തിച്ചു. പാലായില്‍  പൊന്‍കുന്നം വര്‍ക്കി അധ്യക്ഷനായ യോഗത്തില്‍ പ്രഫ. ജോസഫ് മുണ്ടശേരിയാണ് ‘ഓശാന’ ഉദ്ഘാടനം ചെയ്തത്.

ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നല്‍കി. പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആന്‍ഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ ഹോം, ജൂവനൈല്‍ ഡയബറ്റിക് ഹോം എന്നിവ സ്ഥാപിച്ചതും പുലിക്കുന്നേലാണ്. ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും അദ്ദേഹം സ്ഥാപിച്ചു. സഭയുടെ നിയമക്കുരുക്കുകളില്‍ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായി അദ്ദേഹം. 2008ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ക്രൈസ്തവാചാരത്തിന് വിരുദ്ധമായി സ്വന്തം വീട്ടുവളപ്പില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. ആ മണ്ണില്‍ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തില്‍ കുറിക്കുകയും ചെയ്തു. തന്റെ ശേഷക്രിയകള്‍ എങ്ങനെ വേണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്തു.

കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1960ൽ കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടിവിലുണ്ടായിരുന്ന ജോസഫ് പുലിക്കുന്നേൽ 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആർ. ബാലകൃഷ്‌ണപിള്ളയ്‌ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965ൽ കല്‍പ്പറ്റ നിയമസഭ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ക്രിസ്തു സന്ദേശത്തെ അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തി സമൂഹത്തിൽ പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാർഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന് പൊതുവിൽ തീരാനഷ്ടമാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ. മരുമക്കള്‍: ജോര്‍ജ് വാഴേപ്പറമ്പില്‍ (ചങ്ങനാശേരി), മഠത്തില്‍പറമ്പില്‍ അശോക് എം. ചെറിയാന്‍ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേല്‍ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം).

This post was last modified on December 28, 2017 11:03 am