X

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം: കുമാരസ്വാമി ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയുണ്ടെന്നും വൈകീട്ട് 5.30നും 6.00നും ഇടയില്‍ ഗവര്‍ണറെ കാണാന്‍ അനുമതി വേണമെന്നും പറഞ്ഞാണ് കത്ത്.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് ജനത ദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ കത്ത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയുണ്ടെന്നും വൈകീട്ട് 5.30നും 6.00നും ഇടയില്‍ ഗവര്‍ണറെ കാണാന്‍ അനുമതി വേണമെന്നും പറഞ്ഞാണ് കത്ത്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയേയും കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രി അടക്കം 14 മന്ത്രിമാര്‍ ജെഡിഎസിന്, ഉപമുഖ്യമന്ത്രി അടക്കം 20 മന്ത്രിമാര്‍ കോണ്‍ഗ്രസിന് എന്നതാണ് ഇപ്പോഴത്തെ ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും വലിയ ഒറ്റ കക്ഷി ആയ ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണും. ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയായിരിക്കും ആദ്യം ഗവര്‍ണറെ കാണുക. ബിജെപി 104, കോണ്‍ഗ്രസ് 78, ജെഡിഎസ് 37, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാല്‍ 115 സീറ്റ് ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റ്. മറ്റുള്ള മൂന്ന് എംഎല്‍എമാരുടെയും പിന്തുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് കിട്ടാനാണ്‌ സാധ്യത. ഇതുംകൂടി ആയാല്‍ പിന്തുണ 118 ആകും.

This post was last modified on May 15, 2018 5:21 pm