X

ത്രിപുരയില്‍ ബിജെപി – സംഘപരിവാര്‍ അക്രമം വ്യാപകം; ലെനിന്‍ പ്രതിമ ജെസിബി വച്ച് പൊളിച്ചുമാറ്റി

ഭാരത് മാതാ കി ജയ് വിളികളോടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ അക്രമം. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസംഫോബിയ ബാധിച്ചിരിക്കുകയാണെന്ന് സിപിഎം നേതാക്കള്‍ പ്രതികരിച്ചു.

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയതിന്റെ പിന്നാലെ ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അക്രമപ്രവര്‍ത്തനങ്ങളുമായി അഴിഞ്ഞാടുന്നതായി റിപ്പോര്‍ട്ട്. സംഘപരിവാര്‍ അക്രമത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളും തീ വച്ച് നശിപ്പിച്ച പാര്‍ട്ടി ഓഫീസുകളുടെ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അക്രമത്തിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടയില്‍ ദക്ഷിണ ത്രിപുരയില്‍, തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അഗലെ ബെലോണിയ എന്ന ചെറു പട്ടണത്തില്‍, നഗരത്തിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന നിലയിലേയ്ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമം മാറിയിട്ടുണ്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത ഫോട്ടോ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് ബെലോണിയയിലെ കോളേജ് സ്‌ക്വയറില്‍ കൈ ചൂണ്ടി നില്‍ക്കുന്ന റഷ്യന്‍ വിപ്ലവ നായകനും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ ലെനിന്റെ പ്രതിമ സ്ഥാപിച്ചത്. ഭാരത് മാതാ കി ജയ് വിളികളോടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ അക്രമം. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസംഫോബിയ ബാധിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അടക്കമുള്ള  നേതാക്കള്‍ പ്രതികരിച്ചു.  അതേസമയം ഇടതുപക്ഷം അടിച്ചമര്‍ത്തിയ ജനങ്ങള്‍ അവരുടെ ‘രോഷം’ തീര്‍ക്കുന്നതാണ് എന്നായിരുന്നു ബിജെപിയുടെ മറുപടി. വിദേശിയായ ലെനിന് ഇന്ത്യയില്‍ എന്ത് കാര്യം എന്നാണ് ബിജെപി നേതാക്കളുടെ ചോദ്യം. ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന നൃപന്‍ ചക്രബര്‍ത്തിയുടെ പ്രതിമയായിരുന്നെങ്കില്‍ ആരും അത് മാറ്റില്ലായിരുന്നു എന്നുമാണ് ബിജെപി ജില്ലാ സെക്രട്ടറി രാജു നാഥ് പറഞ്ഞത്.

പ്രതിമ ജെസിബി ഉപയോഗിച്ച് നീക്കിയ ശേഷം അതിന്റെ തല പൊളിച്ച് മാറ്റിയതായി ദൃക്‌സാക്ഷികള്‍ തന്നോട് പറഞ്ഞെന്ന് സിപിഎം ബെലോണിയ സബ് ഡിവിഷന്‍ സെക്രട്ടറി തപസ് ദത്ത പറഞ്ഞു. ജെസിബി ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ജാമ്യത്തില്‍ വിട്ടതായുമാണ് സൗത്ത് ത്രിപുര എസ് പി ഇപ്പര്‍ മോന്‍ചാക് പറഞ്ഞത്. പ്രതിമ അവിടെ തന്നെ ഇട്ടിട്ടുപോയിരിക്കുകയാണ്. പൊലീസ് അത് അവിടുന്ന് നീക്കം ചെയ്ത് മുനിസിപ്പാലിറ്റി സ്റ്റോറേജിന് കൊടുക്കുമെന്നും എസ് പി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ഇന്ത്യയെക്കുറിച്ച് ലെനിന്‍ 1908ല്‍; വര്‍ഗബോധമുള്ള യൂറോപ്യന്‍ തൊഴിലാളിക്ക് ഏഷ്യയിലും സഖാക്കളുണ്ടായിരിക്കുന്നു

This post was last modified on March 6, 2018 12:53 pm