X

സദ്യക്ക് ബീഫ് വിളമ്പി എന്ന് ആരോപണം: ഝാര്‍ഖണ്ഡില്‍ മുസ്ലീം മധ്യവയസ്‌കന് മര്‍ദ്ദനം; പ്രദേശത്ത് നിരോധനാജ്ഞ

പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ഐപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.

മകന്റെ വിവാഹ സല്‍ക്കാരത്തിന് ബീഫ് വിളമ്പി എന്ന സംശയത്തില്‍ ഝാര്‍ഖണ്ഡില്‍ മുസ്ലീം മധ്യവയസ്‌കന് മര്‍ദ്ദനം. ഝാര്‍ഖണ്ഡിലെ കൊഡെര്‍മ ജില്ലയില്‍ നവാദി ഗ്രാമത്തിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ഐപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.

ഏഴ് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണം തടയാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്ന് കൊഡെര്‍മ സൂപ്രണ്ട് ശിവാനി തിവാരി അറിയിച്ചു. ഇറച്ചി പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

വിവാഹ വീടിന്‍റെ പിന്‍വശത്തെ വയലില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയ ഗ്രാമവാസികള്‍ ഇത് നിരോധിക്കപ്പെട്ട ഇറച്ചിയുടേതാണ് എന്ന് ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തില്‍ വീട്ടുടമയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് ഝാര്‍ഖണ്ഡിലെ രാംഗഡില്‍ മാംസ വ്യാപാരി അലിമുദീന്‍ അന്‍സാരിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നിരുന്നു. കാറില്‍ ബീഫ് കൊണ്ടുപോകുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. 11 ഗോരക്ഷാ ഗുണ്ടകളെയാണ് ഈ കേസില്‍ രാംഗഡ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

This post was last modified on April 19, 2018 9:06 am