പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഇന്നലെ വൈകീട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടത് വിവാദമാകുന്നു. ന്യൂഡല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയാണ് നൃപേന്ദ്ര മിശ്ര അദ്ദേഹത്തെ കണ്ടത്. ഇതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രത്യേക ദൂതനായി അയച്ചതെന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല ആവശ്യപ്പെത്തിരുന്നു. ഇപ്പോള്‍ ഇതിന് പിന്നാലെ എന്‍ഡിടിവിയോട് നൃപേന്ദ്ര മിശ്ര പറഞ്ഞത് താന്‍ അദ്ദേഹത്തെ കാണാന്‍ പോയത് പുതുവത്സരാശംസകള്‍ അറിയിക്കാനാണെന്നും എന്നാല്‍ പൂജയിലായിരുന്നതിനാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നുമാണ്.
ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചരിത്രത്തില്‍ ആദ്യമായി വാര്‍ത്താസമ്മേളനം നടത്തുകയും ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുകയും, സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട, പൊതുതാല്‍പര്യ ഹര്‍ജി കൈകാര്യം ചെയ്ത രീതി അടക്കമുള്ള കാര്യങ്ങളിലാണ് ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ജഡ്ജിമാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാലുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദുമായും സുപ്രീംകോടതിയിലെ പ്രതിസന്ധി സംസാരിച്ചിരുന്നു.
This post was last modified on January 13, 2018 2:41 pm
Leave a Comment