ഇന്ത്യന്‍ ദേശീയത ഭീഷണി നേരിടുന്നത് ഇന്ത്യക്കകത്ത് നിന്ന് തന്നെയാണ്, പുറത്തുനിന്നല്ലെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ രാം പുനിയാനി. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയത ജര്‍മ്മനിയിലേതിന് സമാനമായ സാഹചര്യം രാജ്യത്തുണ്ടാക്കുന്നുണ്ട് എന്ന് പറയുന്നത് അതിശയോക്തിയല്ലെന്നും രാം പുനിയാനി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ 13-ാമത് പിന്റോ സ്മാരക പ്രഭാഷണത്തില്‍ ‘ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും ഭീതിയില്‍ കഴിയുന്ന മത വിഭാഗങ്ങളില്‍ പരിഷ്‌കരണം തടസപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയത ഒരു ആധുനിക പ്രതിഭാസമാണ്. ഹിന്ദു കുടുംബത്തില്‍ ജനിച്ച താന്‍ ഹിന്ദു ദേശീയവാദിയാണ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ സ്വയം ഒരു സനാതന ഹിന്ദുവെന്ന് അവകാശപ്പെട്ടിരുന്ന മഹാത്മ ഗാന്ധി ഒരിക്കലും ഒരു ഹിന്ദു ദേശീയവാദിയായിരുന്നില്ല. ഗാന്ധിയും മൗലാന അബുള്‍ കലാം ആസാദും മുന്നോട്ടുവച്ച ഇന്ത്യന്‍ ദേശീയതയും നിലവിലെ ഹിന്ദു ദേശീയവാദികളുടെ ദേശീയതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാം പുനിയാനി പറഞ്ഞു. ഗാന്ധിയെ വധിച്ചത് ഒരു ഹിന്ദു ദേശീയവാദിയാണ് എന്ന് രാം പുനിയാനി ഓര്‍മ്മിപ്പിച്ചു.
രാം പുനിയാനിയുടെ പ്രസംഗത്തില്‍ നിന്ന്:
രാജാക്കന്മാര്‍ പോരാടുന്നത് മതത്തിന് വേണ്ടിയല്ല, അധികാരത്തിന് വേണ്ടിയാണ്. അശോകനായാലും അക്ബര്‍ ആയാലും അങ്ങനെ തന്നെ. രാജ തോഡര്‍മല്‍ അക്ബറിന്റെ ഭരണകൂടത്തില്‍ എന്താണോ ചെയ്തത് അത് തന്നെയാണ് അരുണ്‍ ജയ്റ്റ്‌ലി മോദി ഗവണ്‍മെന്റില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഉത്തരേന്ത്യയില്‍ ഹിന്ദു ദേശീയവാദികളെ സംബന്ധിച്ച് ഭീകരനാണ്. എന്നാല്‍ ആരാണ് ടിപ്പു? ബ്രീട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ നേരിട്ട് പോര്‍ക്കളത്തിലിറങ്ങിയ ഒരേയൊരു ഇന്ത്യന്‍ രാജാവാണ് ടിപ്പു സുല്‍ത്താന്‍. ഈ ടിപ്പുസുല്‍ത്താന്‍ ബ്രാഹ്മണരെ കൊന്നൊടുക്കി എന്നാണ് ആരോപണം. ടിപ്പുവിന്‍റെ മുഖ്യ ഉപദേഷ്ടാവ് പൂര്‍ണയ്യ എന്ന ബ്രാഹ്മണനായിരുന്നു എന്നതാണ് വസ്തുത.
മതം അപകടത്തിലാണ് എന്നാണ് ഹിന്ദു, മുസ്ലീം ഭരണാധികാരികള്‍ പറയുക. എന്നാല്‍ മതത്തിന് യാതൊരു അപകടവും സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മത പൗരോഹിത്യത്തിനും അത് സൃഷ്ടിക്കുന്ന ഹയറാര്‍ക്കിയ്ക്കുമാണ് ഭീഷണികള്‍ നേരിടേണ്ടി വരുന്നത്. ഹിന്ദു രാജാവ് ഹിന്ദുക്കള്‍ക്കോ മുസ്ലീം രാജാവ് മുസ്ലീങ്ങള്‍ക്കോ മതത്തിന്‍റെ പേരില്‍ നികുതി ഒഴിവാക്കി കൊടുക്കാറില്ല. പുറത്തുനിന്ന് വന്നവരാണ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും എന്നും അവരാണ് ഇന്ത്യന്‍ ദേശീയതയ്ക്ക് ഭീഷണിയെന്നുമാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ മതപുരോഹിതര്‍ ഹിന്ദുക്കളെ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന സംഘപരിവാറിന്‍റെ ആരോപണം നോക്കുക. എന്താണ് യാഥാര്‍ത്ഥ്യം? – 1971ല്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2.6 ശതമാനമായിരുന്നു. 2011ല്‍ അത് 2.3 ആയി കുറയുകയാണ്. ഇതാണ് പ്രോപ്പഗാണ്ടയുടെ, നുണപ്രചാരണത്തിന്‍റെ ശക്തി. ദാരിദ്ര്യത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും ബ്രാഹ്മിണിസത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം വിളിച്ച കനയ്യ കുമാറിനെ വ്യാജ വീഡിയോ നിര്‍മ്മിച്ച് ദേശവിരുദ്ധനാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
Ram puniyani speech – PINTO LECTURE
This post was last modified on July 7, 2018 10:17 am
Leave a Comment