X

ഹമീദ് അന്‍സാരിയുടെ ഭാര്യ നേതൃത്വം നല്‍കുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ എലി വിഷം കലര്‍ത്തി

നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മദ്രസയിലാണ്‌ ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നേതൃത്വം നല്‍കുന്ന മദ്രസയില്‍ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അലിഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാച്ചാ നെഹ്‌റു മദ്രസയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 4,000 വിദ്യാര്‍ത്ഥികള്‍ ഈ മദ്രസയില്‍ വിദ്യാര്‍ത്ഥികളുണ്ട്. സല്‍മ അന്‍സാരി നേതൃത്വം നല്‍കുന്ന അല്‍ നൂര്‍ ട്രസറ്റിന്റെ കീഴിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. വിഷം ഉപയോഗിച്ച് അപകടമുണ്ടാക്കിയതിനുളള ഐപിസി വകുപ്പ് 328,500 പ്രകാരം പൊലിസ് കേസെടുത്ത് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി.

മദ്രസയിലെ കുടിവെളള ടാങ്കില്‍ വിഷം കലര്‍ത്തിയത് തന്നെ ഞെട്ടിക്കുകയും ഭയപെടുത്തുകയും ചെയ്യുന്നുവെന്ന സല്‍മ്മ അന്‍സാരി പ്രതികരിച്ചു.

”വെളളത്തില്‍ വിഷം കലര്‍ന്നത് കുട്ടികള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനായത് ഭാഗ്യമായി, അവര്‍ അത് വാര്‍ഡനെ അറിയിച്ചു. ഞങ്ങള്‍ വെളളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക്ക് ലാബിന് നല്‍കി.” ജില്ലാ പൊലിസ് മേധാവി റാജേഷ് പാന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേ സമയം ഇപ്പോള്‍ ആശുപത്രിയിലുളള വിദ്യാര്‍ത്ഥിയാണ് തങ്ങളെ ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ഡന്‍ ജുനൈദ് സിദ്ധീക്ക് പറഞ്ഞു. ”താന്‍ വെളളം കുടിക്കാന്‍ ചെന്നപ്പോള്‍ രണ്ടു പേര്‍ ടാങ്കില്‍ എന്തോ കലര്‍ത്തുന്നത് കണ്ടെന്ന് മുഹമ്മദ് അഫസല്‍ എന്ന വിദ്യാര്‍ത്ഥി തന്നെ അറിയിച്ചു” ജുനൈദ് പറഞ്ഞു. ടാങ്കിന്റെ അരികില്‍ നിന്നു ലഭിച്ച എലി വിഷത്തിന്റെ പാക്കറ്റ് വിദ്യാര്‍ത്ഥികള്‍ തന്നെ ഏല്‍പ്പിച്ചുവെന്നും വാര്‍ഡന്‍ പറഞ്ഞു.