X

ഷുഹൈബ് വധം: പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു, വെട്ടാന്‍ ആവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ നേതാവെന്നും ആകാശ്

ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞിരുന്നു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട്, അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞിരുന്നു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചതായും ആകാശ് പറഞ്ഞു.

പാര്‍ട്ടി അംഗമാണ് ആകാശ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സിപിഎമ്മിന്‍റെ സൈബര്‍ പോരാളികളുടെ സംഘത്തില്‍പ്പെട്ടയാളാണ് ആകാശ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പി ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം ആകാശ് നില്‍ക്കുന്ന ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.