X

ഗര്‍ഭിണികള്‍ ശ്രദ്ധിക്കൂ: അമ്മയുടെ മധുരപ്രേമം കുട്ടിയ്ക്ക് അലര്‍ജിയുണ്ടാക്കും

കുട്ടികളുടെ ശ്വാസകോശ കലകളിലേക്ക് കൂടുതലായി മധുരത്തിന്റെ അംശം ഗര്‍ഭാവസ്ഥയില്‍ തന്നെ പോഷണം ചെയ്യപ്പെടുന്നതാണ് ആസ്മക്കുള്ള ഒരു കാരണമായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ആഹാരക്രമത്തിന്റെ ഒരു ഭാഗം ഗര്‍ഭസ്ഥശിശുവിന് അവകാശപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മധുരത്തിന്റെ അളവും കുഞ്ഞിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം അറിയാമോ? സ്ത്രീകള്‍ ഗര്‍ഭകാലത്ത് മധുരം കൂടുതല്‍ കഴിക്കുന്നത് കുട്ടികളില്‍ അലര്‍ജി, ആസ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമത്രെ! യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലാ(European Respiratory Journal)ണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുട്ടികള്‍ പഞ്ചസാര ധാരാളമായി കഴിക്കുന്നത് ആസ്മ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഗര്‍ഭകാലത്ത് തന്നെ ഈ പ്രശ്നം കുട്ടികളെ ബാധിക്കുമെന്നത് ഇതാദ്യമായാണ് തെളിയിച്ചിരിക്കുന്നത്.

1990കളില്‍ ഗര്‍ഭം ധരിച്ച 9000 സ്ത്രീകളിലാണ് പഠനം നടന്നത്. ഏഴ് വയസില്‍ തുടങ്ങി പൊടി, മൃഗങ്ങള്‍ എന്നിങ്ങനെ അലര്‍ജി നേരിടുന്ന കുട്ടികളെയും പഠനത്തിന് വിധേയരാക്കി. ഗര്‍ഭകാലത്ത് മധുരപലഹാരങ്ങള്‍, ചായ, കാപ്പി, പഞ്ചസാര തുടങ്ങിയവയോടുള്ള ഇഷ്ടത്തെപ്പറ്റിയും നിഗമനങ്ങളിലെത്തിച്ചേര്‍ന്നു.

അമ്മയുടെ മധുരപ്രേമവും കുട്ടിയുടെ ആസ്മയും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ നേരിയ തെളിവുകള്‍ മാത്രമെ ഗവേഷകര്‍ക്ക് ലഭ്യമായുള്ളൂ. പക്ഷെ, അലര്‍ജിക് ആസ്മയെന്ന പ്രതിസന്ധിയും അലര്‍ജിക്കാരില്‍ നടത്തിയ സ്‌കിന്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമാണ് കൂടുതല്‍ തെളിവുകളിലേക്ക് ഗവേഷകരെ എത്തിച്ചത്. ഗര്‍ഭാവസ്ഥയില്‍ മധുരം കുറച്ചുമാത്രം ഉപയോഗിച്ച് ശീലിച്ചവരുടെ കുട്ടികളേക്കാള്‍ ഇരട്ടിയാണ് ഗര്‍ഭകാലത്ത് മധുരം ധാരാളമായി കഴിച്ച അമ്മമാരുടെ കുട്ടികളില്‍ അലര്‍ജിക് ആസ്മ പിടിപെടാനുള്ള സാധ്യത.

ഗര്‍ഭകാലം ‘മധുര’തരമാക്കിയവരുടെ മക്കള്‍ക്ക് 38% അലര്‍ജി പിടിപെടാനുള്ള സാധ്യതയും 73% അലര്‍ജിയും ആസ്മയും ബാധിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും മധുരത്തിന്റെ ഉപയോഗമാണ് ഈ കണക്കുകള്‍ക്ക് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നില്ല. അമ്മമാരുടെ ആഹാരക്രമത്തിലെ മറ്റ് പ്രത്യേകതകളും ചുറ്റുപാടുമൊക്കെ ഈ സ്ഥിതിയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

കുട്ടികളുടെ എല്ലാ അലര്‍ജി പ്രശ്നങ്ങള്‍ക്കും അമ്മയുടെ ഗര്‍ഭകാലത്തെ കുറ്റപ്പെടുത്തേണ്ട. അത്തരമൊരു വിലയിരുത്തല്‍ ഈ ഗവേഷകര്‍ നടത്തുന്നില്ല. സീസണല്‍ അലര്‍ജി സംബന്ധമായി കുട്ടികളിലുണ്ടാകുന്ന കരപ്പന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും അമ്മയുടെ ‘ഡയറ്റു’മായി ബന്ധമില്ല. നാലും അഞ്ചും വയസില്‍ കുട്ടികള്‍ മധുരത്തിനോട് കാണിക്കുന്ന അടുപ്പവും ഏഴാം വയസില്‍ ആരംഭിക്കുന്ന അലര്‍ജി ബുദ്ധിമുട്ടുകള്‍ തമ്മിലും ഒരു ബന്ധവുമില്ലെന്ന് പഴയ ചില പഠനങ്ങളിലെ തെറ്റ് ചൂണ്ടിക്കാട്ടി ഈ ലേഖനം പറയുന്നു.

കൃത്യമായി ‘ഇതാണ് കാരണമെന്നും ഇത്രയൊക്കെയാണ് സ്വാധീനമെന്നു’മുള്ള ആധികാരിക കണക്കുകളല്ല ഈ ലേഖനം വെളിപ്പെടുത്തിയത്. കുട്ടികളുടെ ശ്വാസകോശ കലകളിലേക്ക് കൂടുതലായി മധുരത്തിന്റെ അംശം ഗര്‍ഭാവസ്ഥയില്‍ തന്നെ പോഷണം ചെയ്യപ്പെടുന്നതാണ് ആസ്മക്കുള്ള ഒരു കാരണമായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ‘ഫ്രക്ടോസ് കോണ്‍ സിറപ്പ്’ ഗര്‍ഭകാലയളവില്‍ ധാരാളമായി ഉപയോഗിക്കുന്നതാണ് മറ്റൊരു കാരണമെന്നും ലേഖനം സംശയിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആസ്മയും അലര്‍ജിയും പകര്‍ച്ച വ്യാധിപോലെയാണ് പടര്‍ന്നുപിടിച്ചത്. ചിട്ടയല്ലാത്തതും ആരോഗ്യം പ്രദാനം ചെയ്യാത്തതുമായ ഭക്ഷണക്രമമാണ് എല്ലാത്തിലും വലിയ പ്രതിസന്ധിയായി കാണപ്പെടുന്നത്

യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്ത തലമുറയെ മുന്നില്‍ കണ്ട് മറ്റൊരു പഠനത്തിന് കൂടി സംഘം ലക്ഷ്യമിടുന്നുണ്ട്. ഗര്‍ഭകാലത്ത് മധുരം അധികമായി ഉള്‍പ്പെടുത്താതെയുള്ള ഭക്ഷണക്രമവും ആരോഗ്യ നിര്‍ണ്ണയവും ഈ കണ്ടെത്തലും തമ്മില്‍ ബന്ധിപ്പിക്കലാണ് ലക്ഷ്യം