X

എന്നെ പുകച്ച് പുറത്തുചാടിച്ചത് ഗ്രൂപ്പ് മാനേജര്‍മാര്‍, കോണ്‍ഗ്രസ് രക്ഷപ്പെടില്ല: വിഎം സുധീരന്‍

കെപിസിസി യോഗത്തില്‍ സുധീരനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യുഡിഎഫിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കാരണം സുധീരന്റെ നിലപാടുകളായിരുന്നെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനം താന്‍ രാജി വച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളി അസഹ്യമായതോടെയാണ് എന്ന് വിഎം സുധീരന്‍. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് കളിയായിരുന്നു പ്രധാന കാരണം എന്ന് സുധീരന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. കോണ്‍ഗ്രസ് ഈ നിലയ്ക്കാണെങ്കില്‍ ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് മാനേജര്‍മാര്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാജി വയ്ക്കാന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നു – കെപിസിസി യോഗത്തിന് ശേഷം സുധീരന്‍ പറഞ്ഞു. യോഗത്തില്‍ ചേരി തിരിഞ്ഞ് വാക്കേറ്റം നടന്നു. സുധീരന്‍ സംസാരിക്കുമ്പോള്‍ എ ഗ്രൂപ്പുകാര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.

കെപിസിസി യോഗത്തില്‍ സുധീരനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യുഡിഎഫിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കാരണം സുധീരന്റെ നിലപാടുകളായിരുന്നെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബാറുകള്‍ പൂട്ടാന്‍ നിര്‍ബന്ധിതമായ സാഹചര്യമടക്കം വച്ചായിരുന്നു വിമര്‍ശനം. അതേസമയം ഗ്രൂപ്പുകളിയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സുധീരന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത തോല്‍വിക്ക് കാരണമായി. യുവ നേതാക്കള്‍ പാര്‍ട്ടിക്കകത്ത് അഭിപ്രായങ്ങള്‍ തുറന്നുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധീരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറിയാണ് തീരുമാനം ഉണ്ടാക്കിയത്. അതേസമയം രാജ്യസഭ സീറ്റ് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യാതെ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതത് പ്രത്യേക സാഹചര്യത്തിലാണ് എന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. ഇനി പാര്‍ട്ടിക്കകത്ത് ആലോചിക്കാതെ ഇത്തരത്തില്‍ തീരുമാനമെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

This post was last modified on June 12, 2018 5:41 pm