X

നിലവിളക്ക് കൊളുത്തി മതയാഥാസ്ഥിതികരെ ഞെട്ടിച്ച സൂഫി ഗുരു അന്തരിച്ചു

മതത്തെ മാനവികതയുടെ ഉറവിടമായി കണ്ട് തങ്ങള്‍ തന്റെ മജ്‌ലിസില്‍ (സദസില്‍) സ്ഥാപിച്ച നിലവിളക്ക് മതനേതാക്കളെ ഞെട്ടിച്ചിരുന്നു

കളന്‍തോട് പരതപൊയില്‍ മജ്‌ലിസുല്‍ മുഹമ്മദിയയിലെ ആത്മീയ ഗുരുവും പ്രമുഖ സൂഫിവര്യനുമായ സയ്യിദ് പി എസ് കെ തങ്ങള്‍ (77) ഇഹലോകവാസം വെടിഞ്ഞു. കബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മജ്‌ലിസുല്‍ മഹമ്മദിയയില്‍ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അതുല്യസംഭാവന നല്‍കിവരുന്ന തങ്ങള്‍ പതിനായിരക്കണക്കിനാളുകളുടെ ആത്മീയ ഉപദേശകനാണ്. പ്രവാചക പരമ്പരയിലെ 33-മത്തെ പേരമകനാണ് സയ്യിദ് പി എസ് കെ തങ്ങള്‍. നാല് പതിറ്റാണ്ടുകളായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ ജാതിവ്യത്യാസമില്ലാതെ സഹായിച്ചുവരികയായിരുന്നു. സ്വന്തം ശിഷ്യരില്‍ നിന്നും പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച് 25,000 കുടുംബങ്ങള്‍ക്ക്‌ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കി വരുന്നു.

ഒരോ വര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന സ്‌നേഹം സംഗമത്തിലാണ് സഹായ വിതരണം നടത്തുക. നേരിട്ടല്ലാതെയും തങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനം നല്‍കാറുണ്ട്. രാഷ്ട്രീയ ഇസ്ലാമിന്റെ കടുത്ത നിലപാടിനു പകരം സ്‌നേഹമാണ് ദൈവം എന്ന സങ്കല്‍പ്പത്തിലൂന്നിയുളള പ്രഭാഷണങ്ങളാണ് അദ്ദേഹം ആഴ്ചതോറും നടത്തിവന്നത്.

അന്തരിച്ച പ്രമുഖ പണ്ഡിതന്‍ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി മുതല്‍ മധ്യപൗരസ്ത്യദേശത്തെ നിരവധി പണ്ഡിതന്‍മാരുമായി നിരന്തരം സംവദിച്ചാണ് തങ്ങള്‍ തന്റെ നിലപാടുകള്‍ക്ക് തെളിമയുണ്ടാക്കിയത്. തന്റെ മജ്‌ലിസിനകത്തേക്ക് എല്ലാമതക്കാര്‍ക്കും സ്ത്രീപുരുഷവ്യത്യാസമില്ലാതെ പ്രവേശിക്കാന്‍ തങ്ങള്‍ സ്വതന്ത്ര്യം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു.

ലളിതമായ ഭാഷയില്‍ അദ്ദേഹം നാനാജാതി മനുഷ്യരോടും സ്‌നേഹത്തെ കുറിച്ച് സംവദിച്ചു. മതത്തെ മാനവികതയുടെ ഉറവിടമായി കണ്ട് തങ്ങള്‍ തന്റെ മജ്‌ലിസില്‍ (സദസില്‍) സ്ഥാപിച്ച നിലവിളക്ക് മതനേതാക്കളെ ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ സൂഫ്യ പാരമ്പര്യത്തില്‍ തങ്ങള്‍ ഒരു പ്രധാന കണ്ണിയാണ്.

 

 

This post was last modified on December 8, 2017 3:22 pm