X

തങ്ങള്‍ നിരപരാധികളെന്ന് കത്വ ബലാത്സംഗ കൊല കേസിലെ പ്രതികള്‍; നുണപരിശോധന വേണം

പ്രധാന പ്രതി സാന്‍ജി റാമിന്റെ മകള്‍ മധു ശര്‍മ കോടതിക്ക് പുറത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഉണ്ടായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് മറ്റൊരു പ്രതി ദീപക് ഖജൂരിയ പറഞ്ഞു.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയായ ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത കൊന്ന കേസില്‍ പ്രതികളായ ഏഴ് പേരേയും വിചാരണക്കായി കോടതിയില്‍ ഹാജരാക്കി. തങ്ങള്‍ കുറ്റക്കാരല്ലെന്ന് വാദിച്ച പ്രതികള്‍ തങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. എട്ടാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്തയാള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 28നാണ് അടുത്തതായി വാദം കേള്‍ക്കുക. പ്രായപൂര്‍ത്തിയാകാത്തയാളുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും.

പ്രധാന പ്രതി സാന്‍ജി റാമിന്റെ മകള്‍ മധു ശര്‍മ കോടതിക്ക് പുറത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഉണ്ടായിരുന്നു. സിബിഐ അന്വേഷണം വേണമെന്നേ ഞങ്ങള്‍ പറയുന്നുള്ളൂ. അത് മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ ആരായാലും തൂക്കിക്കൊല്ലട്ടെ – മധു ശര്‍മ പറഞ്ഞു. സാന്‍ജി റാമാണ് കൂട്ടബലാത്സംഗ കൊലപാതകത്തിന്റെ പ്രധാന ആസൂത്രകനെന്നാണ് പൊലീസിന്റെ കുറ്റപത്രം പറയുന്നത്. നുണ പരിശോധന വേണമെന്ന് സാന്‍ജി റാം അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോടതി ഇതിനെ തെളിവായി അംഗീകരിക്കില്ല. അതേസമയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് മറ്റൊരു പ്രതി ദീപക് ഖജൂരിയ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് പൊലീസിനെ തടയാന്‍ ശ്രമിച്ച എട്ട് അഭിഭാഷകര്‍ക്കെതിരെയും കേസുണ്ട്. അതേസമയം കേസിന്‍റെ വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ പ്രതികരണം സുപ്രീം കോടതി തേടിയിട്ടുണ്ട്.

This post was last modified on April 17, 2018 9:43 am