X

ജനങ്ങള്‍ ജെഡിഎസിനെ തള്ളിക്കളഞ്ഞു, ഞങ്ങളിപ്പോള്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ദയയില്‍: കുമാരസ്വാമി

കര്‍ണാടകയിലെ ജനങ്ങള്‍ എന്നെയും എന്റെ പാര്‍ട്ടിയേയും തള്ളിക്കളയുകയാണ് ചെയ്തത്. ഞാന്‍ ജനങ്ങളോട് ചോദിച്ചത് ഞങ്ങളുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം തരണമെന്നാണ്. എന്റേത് ഒരു സ്വതന്ത്ര സര്‍ക്കാരല്ല.

കര്‍ണാടകയിലെ 6.5 കോടി ജനങ്ങളില്‍ ഭൂരിഭാഗവും ജെഡിഎസിനെ അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. തങ്ങളിപ്പോള്‍ കോണ്‍ഗ്രസിന്റെ ദയയിലാണ് കഴിയുന്നതെന്നും കുമാരസ്വാമി പറഞ്ഞു. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രകാരം കാര്‍ഷിക കടം എഴുതിത്തള്ളാനായില്ലെങ്കില്‍ രാജി വയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിമാരേയും കാണുന്നതിനായി ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്നതിന് മുന്നോടിയായാണ് കുമാര സ്വാമി ഇക്കാര്യം പറഞ്ഞത്.

കര്‍ണാടകയിലെ ജനങ്ങള്‍ എന്നെയും എന്റെ പാര്‍ട്ടിയേയും തള്ളിക്കളയുകയാണ് ചെയ്തത്. ഞാന്‍ ജനങ്ങളോട് ചോദിച്ചത് ഞങ്ങളുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം തരണമെന്നാണ്. എന്റേത് ഒരു സ്വതന്ത്ര സര്‍ക്കാരല്ല. അതേസമയം കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ആരുടേയും സമ്മര്‍ദ്ദത്തിനായി താന്‍ കാത്ത് നില്‍ക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ ഞാന്‍ മറ്റാരേക്കാളും ഒരു പടി മുന്നിലാണ്. കര്‍ഷകരുടെ വായ്പ കടം എഴുതിത്തള്ളാനായില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടാവില്ല. ഞാന്‍ സ്വയം രാജി വയ്ക്കും. ഒരാഴ്ചത്തേയ്ക്ക്, മന്ത്രിസഭ രൂപീകരണവും വകുപ്പ് വിഭജനവും ശരിയാകുന്നത് വരെ കാത്തിരുന്ന് കൂടേ – കുമാര സ്വാമി ചോദിച്ചു. സഹകരണ സൊസൈറ്റികളുമായും പൊതുമേഖല ബാങ്കുകളുമായും കൂടിയാലോചിച്ച് പോംവഴികള്‍ തേടും. കര്‍ഷകരുട കടം എഴുതിത്തള്ളുന്നില്ലെന്ന് ആരോപിച്ച് ബന്ദിന് ആഹ്വാനം ചെയ്ത ബിജെപിയോടായി കൂടി അദ്ദേഹം പറഞ്ഞു.

ജെഡിഎസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ പോലെ മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളിയാല്‍ 53,000 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുക. കോണ്‍ഗ്രസ് ഇതിന് അനുകൂലമല്ല. സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളല്‍ തന്നെ 8000 കോടിയിലധികം വരും. ഇത് തന്നെ പൂര്‍ണമായും നടപ്പാക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസ് ധന വകുപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് താന്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ് കുമാരസ്വാമി പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കര്‍ണാടകയില്‍ വകുപ്പ് വിഭജന തര്‍ക്കം; “ഇത് ചെറുത്, ഇപ്പ ശരിയാക്കി തരാം” എന്ന് കുമാരസ്വാമി

This post was last modified on May 28, 2018 3:20 pm