X

ആധാര്‍: സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താനാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്നതിലെ തടസ്സവും നിയമം വഴി മറികടക്കാമെന്നും കേന്ദ്ര ധനമന്ത്രി

മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് പാര്‍ലമെന്റില്‍ നിയമം പാസാക്കി പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്നതിലെ തടസ്സവും നിയമം വഴി മറികടക്കാമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അതേസമയം ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ആധാര്‍ കാര്‍ഡിന് സുപ്രിംകോടതി ഉപാധികളോടെയാണ് അംഗീകാരം നല്‍കിയത്. മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രധാന വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികള്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ സ്വന്തമാക്കുന്നതും കോടതി തടഞ്ഞിരുന്നു. ആധാര്‍ നിയമത്തിലെ 57-ാം വകുപ്പും കോടതി റദ്ദാക്കി. അതേസമയം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ വേണമെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിയമ നിര്‍മ്മാണത്തിലൂടെ നടപ്പാക്കാനാകുമെന്നാണ് ജയ്റ്റ്‌ലി പറയുന്നത്.

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ യോഗ്യതയില്ലാത്തവര്‍ക്ക് ലഭിക്കുന്നത് തടയാന്‍ ആധാര്‍ വഴി സാധിക്കുന്നുണ്ടെന്നാണ് ജയ്റ്റ്‌ലി പറയുന്നത്. 90,000 കോടി രൂപ ഓരോ വര്‍ഷവും ഇത്തരത്തില്‍ ലാഭിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി പറയുന്നു. നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ജയ്റ്റ്‌ലി പറയുന്നു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുമോയെന്ന് വ്യക്തമല്ല. ഈ പാര്‍ലമെന്റിന് ഇനി ഒരു ശൈത്യകാല സമ്മേളനം മാത്രമാണ് അവശേഷിക്കുന്നത്. ആധാര്‍ കേസിലെ തിരിച്ചടിയെ നിയമനിര്‍മ്മാണത്തിലൂടെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ ആലോചന നടക്കുന്നുവെന്ന് ജെയ്റ്റ്‌ലിയുടെ വാക്കുകളില്‍ വ്യക്തമാണ്.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രകാരം ചികിത്സ തേടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ദേശീയ ആരോഗ്യ ഏജന്‍സി സിഇഒ ഇന്ദു ഭൂഷണ്‍ പറഞ്ഞു. പദ്ധതി പ്രകാരം രണ്ടാമത്തെ തവണ മുതല്‍ ചികിത്സ തേടുന്നവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധം. ആദ്യത്തെ തവണ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. കഴിഞ്ഞമാസം 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയില്‍ ഏകദേശം 10 കോടി ഗുണഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആധാറെടുത്ത ജീവിതങ്ങൾക്ക് ആര് സമാധാനം പറയും?

This post was last modified on October 8, 2018 10:02 am