X

റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാല്‍

പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും എ ജി

റാഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാല്‍. രേഖകളുടെ ഫോട്ടോ കോപ്പികള്‍ ഹര്‍ജിക്കാര്‍ ഉപയോഗിച്ചുവെന്നാണ് താന്‍ കോടതിയില്‍ വാദിച്ചതെന്നും എജി പറഞ്ഞു.

അതേസമയം ഇത് സംബന്ധിച്ച് പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയ രേഖകളാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എജി വാദിച്ചുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് വേണുഗോപാല്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ അതീവ സുരക്ഷാ രേഖകളുടെ ഫോട്ടോ കോപ്പികള്‍ ഉപയോഗിച്ചുവെന്നാണ് താന്‍ വാദിച്ചതെന്നും ഇദ്ദേഹം ഇപ്പോള്‍ പറയുന്നു.

ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ച് ഈ രേഖകള്‍ പുറത്തുവിട്ട രണ്ട് മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന് മുന്നാകെ വേണുഗോപാല്‍ ഔദ്യോഗിക രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞുവെന്നാണ് വാര്‍ത്ത വന്നത്. ഹിന്ദു, എഎന്‍ഐ എന്നിവരുടെ കൈവശമുള്ള രേഖകള്‍ മോഷ്ടിച്ചതാണെന്നായിരുന്നു പറഞ്ഞത്.

This post was last modified on March 8, 2019 10:56 pm