X

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍

ഗതാഗത മന്ത്രി എ കെ ശശിധരന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി

യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന്‌ കല്ലട ബസ് ജീവനക്കാരെ
അറസ്റ്റ് ചെയ്തു. മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മിഷണര്‍ അറിയിച്ചു. പോലീസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ഗതാഗത മന്ത്രി എ കെ ശശിധരന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഈ കാര്യത്തില്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. സംഭവം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നുവെന്നും പോലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പോലീസ് മേധാവി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും.

കല്ലട ട്രാവല്‍സിന്റെ ബസ്സില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്കാണ്‌ ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്. യാത്രാമധ്യേ ബസ്സ് വഴിയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബസ്സ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി.

സുരേഷ്‌ കല്ലട ബസ് സര്‍വീസിന്റെ സ്റ്റാഫിനോട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ലെന്ന് ബസ്സിലെ യാത്രക്കാരിലൊരാളായ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഗുണ്ടകളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇദ്ദേഹം ബസ്സിലിരുന്ന് തന്നെ എഴുതിയ കുറിപ്പില്‍ പറയുന്നതു പ്രകാരം ഹരിപ്പാട് വെച്ചാണ് ബസ്സ് തകരാറിലായത്. എന്നാല്‍ ബസ്സ് തകരാറിലായെന്ന കാര്യം യാത്രക്കാരോട് പറയാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം, കാരണമന്വേഷിച്ചവരോട് തട്ടിക്കയറുകയാണുണ്ടായത്.

ഇതിനിടെ പൊലീസ് എത്തുകയും 30 മിനിറ്റോളം സ്ഥലത്ത് നില്‍ക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. മറ്റൊരു സൗകര്യം ഉണ്ടാക്കിക്കൊടുക്കാത്തതില്‍ പൊലീസ് ജീവനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. ഇവര്‍ പിന്നീട് സ്ഥലംവിട്ടു.

ഇതിനുശേഷം 3 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കല്ലടയുടെ മറ്റൊരു ബസ്സ് സ്ഥലത്തെത്തി യാത്രക്കാരെ അതിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്. കുറെനേരം കഴിഞ്ഞപ്പോള്‍ അഞ്ച് പേരോളമടങ്ങുന്ന ഗുണ്ടകള്‍ ബസ്സിലേക്ക് ഇരച്ചുകയറുകയും ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ രണ്ട് യുവാക്കളെ ഇവര്‍ വാഹനത്തിനു പുറത്തേക്ക് തള്ളിയിട്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പുറത്തേക്ക് തള്ളിയിട്ടതിനു ശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താന്‍ കണ്ടെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.

ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

This post was last modified on April 22, 2019 7:11 pm