X

‘ഇല്ലത്ത് ഇച്ചിരി ദാരിദ്ര്യം ആണേലും..’: കല്ലട ട്രാവല്‍സിലെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രതികരണം

കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് ഓടുന്നതെങ്കിലും തങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ആശ്വാസവും ഉറപ്പുനല്‍കുന്നു എന്നാണ് കെഎസ്ആര്‍ടിസി പത്തനാപുരം എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നത്

കല്ലട ട്രാവല്‍സിന്റെ ബസില്‍ കഴിഞ്ഞ ദിവസം യാത്രക്കാര്‍ക്ക് നേരെ ജീവനക്കാര്‍ നടത്തിയ അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ശക്തമാകുകയാണ്. കല്ലടയുടെ ബസുകളില്‍ നേരിട്ട തിക്താനുഭവം വിശദീകരിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

കല്ലടയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും ഉറപ്പും നല്‍കി കഴിഞ്ഞു. ഇതിനിടെ പ്രശ്‌നമുണ്ടായ ബസിന്റെ പെര്‍മിറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റദ്ദാക്കി. സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം സംഭവത്തെക്കുറിച്ചുള്ള കെഎസ്ആര്‍ടിസിയുടെ ആദ്യ പ്രതികരണവും വന്നു കഴിഞ്ഞു. കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് ഓടുന്നതെങ്കിലും തങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ആശ്വാസവും ഉറപ്പുനല്‍കുന്നു എന്നാണ് കെഎസ്ആര്‍ടിസി പത്തനാപുരം എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നത്.

‘ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും..’ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ബംഗ്ലൂരിലേക്കും സേലം വഴിയും പോകുന്ന കെഎസ്ആര്‍ടിസി മള്‍ട്ടി ആക്‌സില്‍ എസി ബസുകളുടെ സമയക്രമവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ‘എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

തിരുവനന്തപുരത്തു നന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസ് മാവേലിക്കരയില്‍ എത്തിയപ്പോള്‍ ഒന്നര മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ കാരണം ഒന്നും പറഞ്ഞിരുന്നില്ല. കാരണമന്വേഷിച്ച യുവാക്കളോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. ബസ് കേടായെന്നാണ് പിന്നീട് കാരണം പറഞ്ഞത്. നന്നാക്കാന്‍ തിരുവനന്തപുരത്തു നിന്നും ആള് വരണമെന്നും പറഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ പോലീസിനെ വിളിച്ചുവരുത്തുകയും പോലീസ് ഇടപെട്ട് പുതിയ ബസ് വരുത്തി യാത്രക്കാരെ കയറ്റിവിടുകയും ചെയ്തു. ഈ ബസ് വൈറ്റിലെത്തിയപ്പോള്‍ ബസുടമയുടെ ഗുണ്ടകള്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതിനെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

This post was last modified on April 23, 2019 9:59 am