X

കേരളത്തില്‍ എന്‍ഡിഎ പൊളിയുന്നു: ചെങ്ങന്നൂരില്‍ സഹകരിക്കില്ല; ബിജെപി ഇതര സഖ്യകക്ഷികളുടെ യോഗം വിളിക്കാന്‍ തുഷാറിന്റെ നീക്കം

രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും ബിഡിജെഎസിനെയും അപമാനിക്കുകയായിരുന്നുവെന്ന് തുഷാര്‍

ചെങ്ങന്നൂരില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടാഴ്ചയ്ക്കകം ബിജെപി ഇതര സഖ്യകക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നേരത്തെ ഇടഞ്ഞു നിന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ തുഷാറിന് ബിജെപി രാജ്യസഭ സീറ്റ് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബിജെപി നേതാവ് വി മുരളീധരനെയാണ് എന്‍ഡിഎ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കിയത്. കര്‍ണാടകയില്‍ നിന്നും രാജീവ് ചന്ദ്രശേഖറിനെയും ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. നിലവില്‍ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ഇക്കുറി പാര്‍ട്ടി അംഗത്വം എടുത്ത ശേഷമാണ് മത്സരിക്കുന്നത്.

രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും ബിഡിജെഎസിനെയും അപമാനിക്കുകയായിരുന്നുവെന്ന് തുഷാര്‍ പറയുന്നു. താനോ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിഡിജെഎസിന് ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതിയെന്നും തുഷാര്‍ അവകാശപ്പെട്ടു. മഅദനിയുമായി സഖ്യമുണ്ടാക്കിയ സിപിഎം ബിഡിജെഎസിനെ അംഗീകരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

This post was last modified on March 14, 2018 2:06 pm