X

സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി: ശോഭാ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചു

സി കെ പത്മനാഭനെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായ സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് സമരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്.

സമരം ഇനി ശോഭാ സുരേന്ദ്രന്‍ നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഔദ്യോഗികമായി അറിയിച്ചു. സികെ പത്മനാഭനെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്മനാഭന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണന്‍ ഏഴ് ദിവസം നിരാഹാരം കിടന്നിരുന്നു. രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സികെ പത്മനാഭന്റെ നിരാഹാരം ആരംഭിച്ചത്. സമരപ്പന്തലിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതുള്‍പ്പെടെ സംഭവബഹുലമായിരുന്നു സികെ പത്മനാഭന്‍ നിരാഹാരം കിടന്ന ഒമ്പത് ദിവസങ്ങള്‍.