X

അഭയക്കേസ് വിചാരണ: കോടതി സമന്‍സ് അയച്ചത് മരിച്ചുപോയ ആറ് സാക്ഷികള്‍ക്ക്

രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അഭയക്കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് ആരംഭിച്ച വിചാരണയില്‍ ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചത് മരിച്ചുപോയ ആറ് സാക്ഷികള്‍ക്ക്. അഭയയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ സാക്ഷികള്‍. ഇവര്‍ മരിച്ചുപോയ വിവരം സിബിഐ സംഘം കോടതിയെ അറിയിച്ചിരുന്നില്ല.

രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അഭയ കൊല്ലപ്പെട്ട് 27 വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ. തോമസ് കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മുന്‍ എസ് പി, കെ ടി മൈക്കിളിനെയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അതേസമയം ഇന്ന് നടന്ന വിചാരണയ്ക്കിടെ കേസിലെ അമ്പതാം സാക്ഷിയായ അനുപമ കൂറുമാറി. അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു അഭയയ്‌ക്കൊപ്പം കോണ്‍വെന്റില്‍ കഴിഞ്ഞിരുന്ന അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇവ അഭയുടേതാണെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തു.

also read:മുഖ്യമന്ത്രി സിപിഎമ്മില്‍ ഒറ്റപ്പെട്ടെന്ന് സണ്ണി എം കപിക്കാട്; ജാതി വിളിച്ച് ആക്ഷേപിച്ചിട്ട് എത്ര ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിച്ചു? തെരുവിലിറങ്ങി?