X

അലക്കിത്തേച്ച ഖദര്‍ ഇട്ടു നടന്നിട്ട് മാത്രം കാര്യമില്ലെന്ന് ചെന്നിത്തല

തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പലപ്പോഴും ആളുകളെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും ചെന്നിത്തല

പാര്‍ട്ടിക്കുള്ളിലും പുറത്തും ഇപ്പോള്‍ നടക്കുന്നത് ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഇടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലക്കിത്തേച്ച ഖദര്‍ ഇട്ടു നടന്നിട്ട് മാത്രം കാര്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് ഉഴമലയ്ക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പഠന ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തനത്തെപ്പറ്റി സ്വയം വിമര്‍ശനം നടത്തണമെന്ന സന്ദേശം രമേശ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ജനകീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പലപ്പോഴും ആളുകളെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിലേക്ക് കൊടുക്കുന്ന പണം പങ്കുവയ്‌ക്കേണ്ടി വരുമോയെന്ന ആശങ്ക മൂലം ബൂത്ത് പ്രസിഡന്റുമാര്‍ ആരെയും വിളിക്കാറില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ജനസമ്മിതിയുള്ളയാളെയാണ് ബൂത്ത് പ്രസിഡന്റാക്കേണ്ടത്. ബൂത്ത് പ്രസിഡന്റുമാര്‍ക്ക് അവരുടെ ബൂത്തിന് കീഴിലുള്ള വീടുകളുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരിക്കണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യമാണ് പാര്‍ട്ടിയുടെ ശക്തിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജീവ് ഭവന്‍ പുനരുദ്ധാരണ ഫണ്ട് പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങി കെ എസ് ശബരീനാഥ് എംഎല്‍എയ്ക്ക് കൈമാറി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 21, 2018 2:34 pm