നെതല്‍ലാന്‍ഡ്സ് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റോട്ടര്‍ഡാം തുറമുഖവും വാഗ്നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദര്‍ശിച്ചു.
റോട്ടര്‍ഡാം തുറമുഖത്തിലെ പ്രോഗ്രാം മാനേജര്‍ എഡ്വിന്‍ വാന്‍ എസ്പെന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉള്‍നാടന്‍ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്മെന്റ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കി. തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. 460 മില്യന്‍ ടണ്‍ വാര്‍ഷിക ചരക്കുനീക്കമുള്ള റോട്ടര്‍ഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുന്‍നിര തുറമുഖങ്ങളിലൊന്നുമാണ്.
വെസ്റ്റ്മാസിലുള്ള വാഗ്നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റിലേഷന്‍ മാനേജ്മെന്റ് ആന്‍ഡ് അക്കൗണ്ട് മാനേജ്മെന്റ് സീനിയര്‍ അഡൈ്വസര്‍ മാര്‍ക്കോ ഒട്ടെ സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ പ്രിസിഷന്‍ ഫാര്‍മിംഗ്, വിള വൈവിധ്യവത്കരണം, കോള്‍ഡ് സ്റ്റോറേജ്, കടല്‍ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച നടത്തി. കൃഷി, വനപരിപാലന മേഖലയില്‍ ഒന്നാംസ്ഥാനത്തുള്ള വാഗ്നിന്‍ഗെന്‍ സര്‍വകലാശാല ലൈഫ് സയന്‍സ്, പ്രകൃതി വിഭവ ഗവേഷണത്തില്‍ ഗവേഷണത്തിനാണ് ഊന്നല്‍നല്‍കുന്നത്.
തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗര്‍ഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീന്‍ ഹൗസും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതലാന്‍ഡ്സിലെ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
This post was last modified on May 11, 2019 6:22 pm
Leave a Comment