X

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുറക്കാന്‍ ആദ്യമായി ക്ഷണം ലഭിക്കുന്ന ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇന്ന് വിപണി തുറന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റ് ചെയ്ത  കിഫ്ബിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി ഇന്നത്തെ വ്യാപാരം തുറന്നത്. ഇതിനുള്ള ക്ഷണം ആദ്യമായി ലഭിക്കുന്ന ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ പരമ്പരാഗത രീതിയായ മണി മുഴക്കലിലൂടെയാണ് വ്യാപാരം തുറന്നത്.

ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി ഇ ഒ കെ എം എബ്രഹാമിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ മറ്റ് പരിപാടികളുടെ തുടര്‍ച്ചയാണ് ഈ അവസരമെന്നാണ് കിഫ്ബി അധികൃതര്‍ പറയുന്നത്.

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചിരിക്കുന്ന കിഫ്ബിക്ക് ഈ ഓഹരിവ്യാപാരം നേട്ടമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും.

ലണ്ടന്‍ സമയം രണ്ടരയോടെ (ഇന്ത്യന്‍ സമയം ഏകദേശം ഉച്ചയ്ക്ക് 12.45) ലണ്ടനിലെ മോണ്‍ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിലാണ് വിപണി തുറന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പ്രവാസിച്ചിട്ടിയില്‍ ചേരാനുള്ള അവസരമാണ് ഇതോടെ ലഭിക്കുക.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്ന സംവിധാനമാണ് കെ എസ് എഫ് ഇ ഒരുക്കിയിരിക്കുന്നത്.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

This post was last modified on May 17, 2019 2:21 pm