X

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം; സുപ്രിംകോടതി കേസ് 23ന് പരിഗണിക്കും

മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രിംകോടതി നിര്‍ദ്ദേശമനുസരിച്ച് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുമെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കി. ഫ്‌ളാറ്റ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതല്‍ സമരം ആരംഭിക്കുമെന്ന് സിപിഐയും അറിയിച്ചതോടെ ഉടമകള്‍ ആശങ്കയിലായിരിക്കുകയാണ്.

ഇന്നലെ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലം നല്‍കിയത്. ഈമാസം 23ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും. മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. പൊളിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്നും മാലിന്യങ്ങള്‍ തള്ളാന്‍ സ്ഥലമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതിനിടയിലാണ് സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയും രംഗത്തെത്തിയത്. ഇക്കാര്യമുന്നയിച്ച് സമരം ആരംഭിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരില്‍ തങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന നിലപാടിലാണ് ഫ്‌ളാറ്റ് ഉടമകള്‍. സിപിഐ സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ ആരോപണം.

അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂവെന്നാണ് നഗരസഭയുടെ വിശദീകരണം. ഈമാസം 23ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ഏതെങ്കിലും രീതിയില്‍ ഒഴിപ്പിക്കല്‍ ഉണ്ടായാല്‍ തടയാനാണ് ഫ്‌ളാറ്റ് ഉടമകളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും തീരുമാനം.

also read:ഹൈദരാബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡൻ്റസ് യൂണിയൻ-എസ്എഫ്ഐ സഖ്യം; എംഎസ്എഫ്, എസ്ഐഒ സഖ്യം അവസാനിപ്പിച്ചു