X

മരട് കേസില്‍ സോളിസിറ്റര്‍ ജനറല്‍ കേരളത്തിന് വേണ്ടി ഹാജരാകില്ല

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നാണ് സുപ്രിംകോടതി

മരട് കേസില്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരാകാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. സര്‍ക്കാരിന്റെ അഭിഭാഷകനെയാണ് മേത്ത ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനിടെ മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്തെ താമസക്കാരന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിട്ടുണ്ട്.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളാണ് സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്ക് സമീപമാണ് ഈ ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്ഡ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോയെന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഫ്‌ളാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും വിധത്തിലുള്ള കോട്ടം സംഭവിക്കുകയാണെങ്കില്‍ അത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിരുന്നു. മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാവൂയെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

also read:കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റില്‍ എത്തുമ്പോള്‍