X

പെരിങ്ങമ്മല ഐഎംഎ പ്ലാന്റിനെതിരെ റെവന്യൂ വകുപ്പിന്റെയും കളക്ടറുടെയും റിപ്പോര്‍ട്ട്

പ്ലാന്റ് സ്ഥാപിക്കുന്നതിന് നിയമ തടസം ഉണ്ടെന്നും പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കും നീരുറവകള്‍ക്കും നാശം സംഭവിക്കുമെന്നും ഇരുവരുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

തിരുവനന്തപുരത്ത് പാലോടിന് സമീപം പെരിങ്ങമ്മലയില്‍ ഐഎംഎ സ്ഥാപിക്കാനിരിക്കുന്ന ഇമേജ് പ്ലാന്റിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ പ്ലാന്റിനെതിരെ റവന്യൂ വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും റിപ്പോര്‍ട്ട്. ആറേക്കര്‍ 80 സെന്റ് സ്ഥലമാണ് പാലോട് മാലിന്യ പ്ലാന്റിനായി ഐഎംഎ വാങ്ങിയിരുന്നത്.

ഇതില്‍ 5 ഏക്കറും നിലമാണെന്നാണ് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലമായി രേഖപ്പെടുത്തിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യങ്ങളുള്ള കാടിനോട് ചേര്‍ന്നുള്ള ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. പദ്ധതി പ്രദേശത്തിനരികെ ആദിവാസി കോളനിയുണ്ടെന്ന് പരിഗണിക്കണം, പ്ലാന്റുമായി മുന്നോട്ട് പോയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിന് നിയമ തടസം ഉണ്ടെന്നും പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കും നീരുറവകള്‍ക്കും നാശം സംഭവിക്കുമെന്നും ഇരുവരുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

ജനുവരി രണ്ടിനാണ് തഹസില്‍ദാര്‍ പദ്ധതി പ്രദേശമായ ഓടുചുട്ടപടുക്കയില്‍ സന്ദര്‍ശനം നടത്തിയത്. കളക്ടര്‍ കെ വാസുകിയും ഇന്നലെ ഇവിടെ സന്ദര്‍ശനം നടത്തി. ഇന്നലെ പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് പരിസരത്ത് കളക്ടര്‍ വിളിച്ചു ചേര്‍ത്ത പബ്ലിക് ഹിയറിംഗില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. പദ്ധതി മൂലം ജനങ്ങള്‍ക്കും പരിസ്ഥിതിയ്ക്കും ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ഇന്നലെ കളക്ടര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

പ്ലാന്റ് സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിലപാടിന് വിരുദ്ധമാണ് റെവന്യൂ വകുപ്പിന്റെയും കളക്ടറുടെയും നിലപാട്. മാലിന്യസംസ്‌കരണത്തിന് മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞ മന്ത്രി നിര്‍മ്മാണത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണെന്നാണ് പറഞ്ഞത്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പരിസ്ഥിതി വകുപ്പിന്റേതായിരിക്കുമെന്ന് വനംമന്ത്രിയും പ്രതികരിച്ചു.

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

This post was last modified on January 4, 2018 1:33 pm