X

കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറുടെ തോളെല്ല് തകർത്ത് പൊലീസ്; ഭാര്യയെ എസ്ഐ പുലഭ്യം പറഞ്ഞെന്നും പരാതി

ഒന്നര മണിക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു

കൊല്ലം അഞ്ചലില്‍ ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ദലിത് വിഭാഗക്കാരനായ രാജേഷിനാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് സിഗ്നലില്‍ വച്ച് കൈകാണിച്ച ഹോംഗാര്‍ഡ് വണ്ടിയിലേക്ക് ചാടിക്കയറുകയും താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. വണ്ടി നിര്‍ത്താതെ പോയെന്ന് ആരോപിച്ചായിരുന്നു ഇത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

അതിന് ശേഷം മറ്റൊരു പോലീസുകാരനെ കൂട്ടി ഓട്ടോ സ്‌റ്റോഷനിലേക്ക് എടുപ്പിക്കുകയും വെയിലത്ത് നടത്തിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് ഇയാള്‍ ആരോപിക്കുന്നു. സ്റ്റേഷനുള്ളില്‍ വച്ച് കൈകള്‍ പിന്നോട്ട് പിടിച്ച് വിലങ്ങ് വച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. താന്‍ ദലിത് വിഭാഗക്കാരനും ക്യാന്‍സര്‍ രോഗിയുമാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല. ഒന്നര മണിക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു.

പിറ്റേദിവസം കൂലിയ്ക്ക് ഓടുന്ന ഓട്ടോ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ എസ്‌ഐ പുലഭ്യം പറഞ്ഞെന്ന് ഇയാളുടെ ഭാര്യ പറയുന്നു. മദ്യപിച്ചെത്തി പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ തോളെല്ലിന് സാരമായ പരിക്കേറ്റു. കൈയുടെ കുഴ തെന്നിപ്പോയി. ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി ഇയാളെ വിടുവിച്ചാണ് പുനലൂര്‍ ആശുപത്രിയിലും അഞ്ചല്‍ ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ക്യാന്‍സര്‍ രോഗിയായതിനാല്‍ ഇവിടെ ചികിത്സ നിഷേധിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും സാമ്പത്തിക പാരാധീന മൂലം പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരികെ പോന്നു. അടുത്ത തിങ്കളാഴ്ച വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്താനിരിക്കയാണ് സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബം.

read more:കേരള എക്‌സ്പ്രസില്‍ നാലു യാത്രക്കാര്‍ കൊടുംചൂടില്‍ മരിച്ചു

This post was last modified on June 11, 2019 6:36 pm