X

സദ്ദാം ഹുസൈന് വേണ്ടി സിപിഎം ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട്: പി എസ് ശ്രീധരന്‍ പിള്ള

വേണുഗോപാലന്‍ നായരുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പിള്ള

ബിജെപി ഇന്ന് ആചരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കെ സിപിഎം സദ്ദാം ഹുസൈന് വേണ്ടി ഹര്‍ത്താല്‍ നടത്തിയിട്ടുള്ളത് മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് അവര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുകയും ബിജെപി സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പിള്ള കുറ്റപ്പെടുത്തി.

മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പോലീസ് കമ്മിഷണറെക്കൊണ്ട് പ്രസ്താവന ഇറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മജിസ്‌ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തത് തനിക്കറിയില്ലെന്നും പിള്ള പറഞ്ഞു.

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വന്തം തീരുമാനമാണെന്നുമാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴി. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ എവിടെ നിന്നും ലഭിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നു.

This post was last modified on December 14, 2018 2:05 pm