X

‘ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുത്തേക്കണ’മെന്ന് കോടിയേരി; വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തയെന്നു സിപിഎം

മലപ്പുറത്ത് ചങ്ങരംകുളത്ത് സംഘടിപ്പിച്ച സിപിഎം പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

താന്‍ മലപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ അക്രമങ്ങള്‍ക്കു പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി’ എന്ന തരത്തില്‍ ചാനലുകളില്‍ ഫഌഷ് ന്യൂസ് പ്രദര്‍ശിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണെന്നും സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു. സിപിഎം പ്രവര്‍ത്തകര്‍ സമാധാനത്തിന് മുന്‍കയ്യെടുക്കണമെന്നും അക്രമം പാര്‍ട്ടിയുടെ രീതിയല്ലെന്നുമാണ് താന്‍ നടത്തിയ പ്രസംഗത്തിന്റെ കാതലെന്നും കോടിയേരി പറഞ്ഞു. ഒരു പ്രസംഗത്തിലെ ഏതെങ്കിലും വരി ഊരിയെടുത്ത് പൊതുവിലുള്ള അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതി ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മലപ്പുറത്ത് ചങ്ങരംകുളത്ത് സംഘടിപ്പിച്ച സിപിഎം പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന വാക്കുകള്‍ കോടിയേരിയില്‍ നിന്നും ഉണ്ടായത്. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വാളെടുത്തവരെല്ലാം കോമരം എന്ന അവസ്ഥിയിലാകാറുണ്ടെന്നും അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുമെന്നും പറഞ്ഞ കോടിയേരി, ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണമെന്നു നിര്‍ദേശം കൊടുത്തതാണ് വിവാദമായത്. ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പാര്‍ട്ടി ഓഫിസുകള്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കരുതെന്നും പുതിയ നിയമം അനുസരിച്ച് ഓഫിസുകള്‍ ആക്രമിച്ചാല്‍ അങ്ങോട്ട് പണം കെട്ടിവയ്‌ക്കേണ്ടി വരുമെന്നും കൈയില്‍ പണം ഉണ്ടെങ്കില്‍ മാത്രം ഓഫിസ് ആക്രമിക്കാന്‍ പോയാല്‍ മതിയെന്നും പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചതിനൊപ്പമാണ് ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുത്തേക്കണം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സമരരീതി കാലോചിതമായി പരിഷ്‌കരിക്കണമെന്നും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന രീതികള്‍ സ്വീകരിക്കണമെന്നുകൂടി സിപിഎം പ്രവര്‍ത്തകരെ കോടിയേരി ഓര്‍മിപ്പിച്ചിരുന്നു.

This post was last modified on January 16, 2019 8:21 am