X

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രി സഭായോഗം അനുമതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി. റിലയന്‍സ് മുന്നോട്ട് വച്ച ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിച്ചാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ജീവനക്കാരും ആശ്രിതരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സാധാരണ രോഗങ്ങള്‍ക്ക് ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കുക. അവയവം മാറ്റിവയ്ക്കലിനും മറ്റും സഹായിക്കുന്നതിന് ധനസെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 കോടിയുടെ പ്രത്യേക നിധി ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ കടലില്‍ പോയവര്‍ മടങ്ങിവരണമെന്നും ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അനുവദിക്കുന്നത്.

ചീമേനി ജയിലിലെ നാല് തടവുകാരെ മോചിപ്പിക്കാനുള്ള ശിപാര്‍ശയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 14 വര്‍ഷം തടവ് പിന്നിട്ട 70 വയസ്സ് കഴിഞ്ഞ തടവുകാരെയാണ് മോചിപ്പിക്കുന്നത്.

This post was last modified on April 26, 2019 2:07 pm