X

വാട്‌സാപ്പ് സന്ദേശം ചതിച്ചതോ? 2000 റോഹിങ്ക്യകള്‍ നാഗാലാന്‍ഡ് ആക്രമിക്കാനൊരുങ്ങുന്നെന്ന വാര്‍ത്ത എഎന്‍ഐ പിന്‍വലിച്ചു

തങ്ങള്‍ അത്തരത്തിലൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെന്നാണ് നാഗാലാന്‍ഡ് ഇന്റലിജന്‍സ് ഐജിപി രെഞ്ചമോ പി കികോന്‍ പറയുന്നത്

‘റോഹിങ്ക്യകള്‍ നാഗാലാന്‍ഡ് ആക്രമിക്കാനൊരുങ്ങുന്നു’ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഒക്ടോബര്‍ 12ന് ഇന്റലിജന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇത്. ദിമാപുരിലെ ഇമാം റോഹിങ്ക്യന്‍ വിമതരുമായി ബന്ധപ്പെട്ടുവെന്നു അവര്‍ ബംഗ്ലാദേശില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുന്നുവെന്നും ഈ വാര്‍ത്ത ആരോപിക്കുന്നു.

നാഗര്‍ക്കെതിരെ ആയുധമെടുക്കുന്ന രണ്ടായിരത്തോളം റോഹിങ്ക്യകള്‍ പിന്നീട് അവരെ അവിടെ നിന്നും പുറത്താക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. കൂടാതെ ഇരുപതോളം ഐഎസ്‌ഐസ് പ്രവര്‍ത്തകര്‍ നാഗാലാന്‍ഡില്‍ പ്രവേശിച്ചെന്നും റോഹിങ്ക്യകള്‍ക്ക് പരിശീലനം നല്‍കുന്നുവെന്നുമാണ് പറയുന്നത്. നാഗാലാന്‍ഡില്‍ വരുംദിവസങ്ങളില്‍ ഇതിന്റെ ഫലമായി ചാവേറാക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളുമുണ്ടാകുമെന്നും മുന്നറിയിപ്പുമുണ്ട്. എന്നാല്‍ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായതോടെ വിശദീകരണങ്ങളൊന്നുമില്ലാതെ എഎന്‍ഐ ഇത് പിന്‍വലിക്കുകയും ചെയ്തു.

അതേസമയം എഎന്‍ഐ വാര്‍ത്ത പിന്‍വലിച്ചെങ്കില്‍ ടൈംസ് നൗ ചാനലിന്റെ വെബ്‌സൈറ്റില്‍ എഎന്‍ഐയെ ഉദ്ധരിച്ചുകൊണ്ട് തന്നെ ഈ വാര്‍ത്ത ഇപ്പോഴും കാണാം. നാഗാലാന്‍ഡിലെ പ്രാദേശിക പ്രസിദ്ധീകരണമായ മോറംഗ് എക്‌സ്പ്രസ് ആണ് എഎന്‍ഐയുടെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആദ്യമായി പ്രതികരിച്ചത്. ഈ വാര്‍ത്ത എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി തെറ്റായ വാര്‍ത്താ പ്രചരണം നടത്തുകയായിരുന്നെന്ന് ദിമാപുര്‍ ജില്ലയിലെ മോസ്‌കുകളുടെ ഉന്നത ഘടകമായ ഇദ്ഗാഹ് കമ്മിറ്റി പറയുന്നു. സംസ്ഥാന പോലീസിന് പോലും ഇത്തരമൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിവില്ലെന്നും മോറംഗ് എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശത്തിന്റെ യഥാര്‍ത്ഥ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന പോലീസ്.

ഒക്ടോബര്‍ പത്തിന് മുമ്പുള്ള തിയതികളിലും ഇതേ സന്ദേശം ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നതായി ഓള്‍ട്ട് ന്യൂസ് പറയുന്നു. ഇത് തെളിയിക്കാനായി ചില ചിത്രങ്ങളും അവര്‍ നിരത്തുന്നുണ്ട്. അതേസമയം എഎന്‍ഐയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഈമാസം 12ന് മാത്രമാണ്.

അതേസമയം തങ്ങള്‍ അത്തരത്തിലൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെന്നാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റൊരു പ്രധാന ന്യൂസ് പോര്‍ട്ടലായ ടൈം8നോട് നാഗാലാന്‍ഡ് ഇന്റലിജന്‍സ് ഐജിപി രെഞ്ചമോ പി കികോന്‍ പറയുന്നത്. അതേസമയം തങ്ങള്‍ വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ വീണുപോയതാണെന്നോ അല്ലെന്നോ ഉള്ള വിശദീകരണങ്ങളൊന്നും വാര്‍ത്ത പിന്‍വലിച്ചപ്പോള്‍ എഎന്‍ഐ നല്‍കിയിട്ടില്ല.

This post was last modified on October 17, 2017 3:27 pm