X

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍: പ്രതിയ്ക്ക് ഇത് സ്ഥിരം പരിപാടി

അതീവ സുരക്ഷാ മേഖലയിലുണ്ടായ സംഭവം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് വച്ച് ഡല്‍ഹി സ്വദേശിയായ വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കോഡ ലോറ കാറും വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു യുവതി. വിമാനത്താവളത്തില്‍ അതീവസുരക്ഷാ മേഖലയും നല്ല തിരക്കുമുള്ള ഭാഗത്ത് വച്ചാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ദില്ലിയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്‌സിക്കായി കാത്തു നില്‍ക്കുകയായിരുന്നു. ഇവരുടെ അടുത്തേക്ക് ടാക്‌സിയുമായി എത്തിയ ഉണ്ണികൃഷ്ണന്‍ അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു.

വിവരം അപ്പോള്‍ തന്നെ യുവതി എയര്‍പ്പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്‌സി ഡ്രൈവര്‍ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. പിന്നീട് യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പോലീസിന് കൈമാറി. വിമാനത്താവളത്തിലെ പിക്കപ്പ് പോയിന്റില്‍ വച്ചാണ് മോശം അനുഭവമുണ്ടായത്. ഇത് അതീവ സുരക്ഷാ മേഖലയാണ്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.