X

കൊല്ലത്ത് സൂര്യതാപമേറ്റ് കര്‍ഷകന്‍ മരിച്ചു

നെറ്റിയിലും കഴുത്തിലും മുതുകിലും കൈകാലുകളിലും സൂര്യതാപമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

കൊല്ലം കൊട്ടിയത്ത് കര്‍ഷകന്‍ സൂര്യതാപമേറ്റ് മരിച്ചു. നെടുമ്പന ഇളവൂര്‍ അജിത്ഭവനില്‍ രാജന്‍ നായര്‍ (63) എന്ന കര്‍ഷകനാണ് മരിച്ചത്. ഇന്നലെ കൃഷിയിടത്തിലേക്ക് പോയ രാജന്‍ നായരെ ഉച്ചയോടെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്ക് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രാജന്‍ നായര്‍ കടുത്ത ചൂടില്‍ കുഴഞ്ഞുവീണു. കൃഷിയിടത്തില്‍ മറ്റ് പണിക്കാരാരും ഇല്ലാതിരുന്നതിനാല്‍ ഇദ്ദേഹം മണിക്കൂറുകളോളം അവിടെ കിടന്നുവെന്നാണ് കരുതുന്നത്.

ഇളവൂരില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ മരച്ചീനിക്കൃഷി നടത്തിവരികയായിരുന്നു രാജന്‍ നായര്‍. പാടത്ത് കുഴഞ്ഞുവീണുകിടന്ന ഇദ്ദേഹത്തെ വഴിയാത്രകാരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരണസംഭവിച്ച് അരമണിക്കൂറോളമായിരുന്നു. നെറ്റിയിലും കഴുത്തിലും മുതുകിലും കൈകാലുകളിലും സൂര്യതാപമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഷര്‍ട്ട് ധരിക്കാതെയാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്.

മരണകാരണം സൂര്യതാപമാണന്നൊണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. മൃതദേഹപരിശോധനയ്ക്കുശേഷം ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.