X

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി

ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസമുണ്ടാകാന്‍ പാടില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാമെന്നും കമ്മിഷന്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാം. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്