X

ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം ഗ്രൂപ്പുകള്‍: ആദ്യ വെടിപൊട്ടിച്ച് വിഎം സുധീരന്‍

ജയത്തോടെ സര്‍ക്കാരിന്റെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന് മുഖ്യമന്ത്രി കരുതരുതെന്നും സുധീരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കുന്നതായും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു.

ഗ്രൂപ്പുണ്ടെങ്കിലേ മുന്നോട്ട് പോകാനാകൂ എന്ന ചിന്ത ഒരു ഗ്രൂപ്പ് നേതാവിനും വേണ്ടെന്നും എല്ലാവരെയും അംഗീകരിക്കുന്ന സാഹചര്യമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും സുധീരന്‍ പറയുന്നു. പല സാധാരണ പ്രവര്‍ത്തകരും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളികളെ കുറിച്ച് തന്നോട് വേദനയോടെ സംസാരിച്ചിട്ടുണ്ട്. നിലവിലെ പ്രവര്‍ത്തനരീതി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തന രീതിയല്ല, പകരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായത്. ഗ്രൂപ്പ് നേതാക്കള്‍ പുനഃപരിശോധനയ്ക്ക് തയ്യാറാകണം. ഗ്രൂപ്പ് അല്ല പാര്‍ട്ടിയാണ് വലുതെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ജയത്തോടെ സര്‍ക്കാരിന്റെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന് മുഖ്യമന്ത്രി കരുതരുതെന്നും സുധീരന്‍ സൂചിപ്പിച്ചു.