X

കെ എം ഷാജി മതേതരവാദി, വര്‍ഗീയത പറയില്ല; ഒപ്പം നില്‍ക്കുമെന്ന് രമേശ് ചെന്നിത്തല

വേറെയും കോടതികള്‍ ഉണ്ട്, സിംഗിള്‍ ബഞ്ച് വിധി അന്തിമമല്ല

തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ വര്‍ഗീയത പരത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് കേരള ഹൈക്കോടതി നിയമസഭ അംഗത്വം റദ്ദ് ചെയ്ത കെ എം ഷാജിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ എം ഷാജി മതേതരവാദിയാണെന്നും വര്‍ഗീയ നിലപാട് ഒരിക്കലും സ്വീകരിക്കില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഹൈക്കോടതി സംഗിള്‍ ബഞ്ച് വിധി അന്തിമമല്ലെന്നും അതിനു മുകളില്‍ കോടതികള്‍ ഉണ്ടെന്നും അവിടെ നിന്നു അനുകൂല വിധി സ്വന്തമാക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അഴീക്കോട് പോലൊരു മണ്ഡലത്തില്‍ വര്‍ഗീയ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, ഷാജി രണ്ടാം തവണയാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി ജയിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി. കെ എം ഷാജിയെപോലൊരാള്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് ജയിച്ചതെന്ന ആക്ഷേപം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം ഷാജിക്കെതിരായ ഹൈക്കോടതി വിധി യുഡിഎഫിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. എറ്റവും കൂടുതലായി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരാണ് യുഡിഎഫ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ എം ഷാജിയുടെ രാഷ്ട്രീയഭാവി നഷ്ടപ്പെടാന്‍ പോകുന്നില്ലെന്നും കെ എം ഷാജിക്ക് അനുകൂലമായി വിധി മേല്‍ക്കോടതികളില്‍ നിന്നുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Post
Leave a Comment