X

യുഡിഎഫിന്റെ ഉപരോധം, എസ്എഫ്‌ഐയുടെ പ്രതിരോധം; തലസ്ഥാനത്ത് വലഞ്ഞ് ജനം

കാല്‍നട യാത്രക്കാരെ പോലും കയറ്റിവിടാതെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ യുഡിഎഫ് ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ തലസ്ഥാന നഗരം കുരുങ്ങി. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കാല്‍നട യാത്രക്കാരെ പോലും കയറ്റിവിടാതെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ് മിക്ക റോഡുകളും അടച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണി മുതലാണ് സെക്രട്ടേറിയറ്റിലെ മൂന്ന് ഗേറ്റുകളും അടച്ചുകൊണ്ട് യുഡിഎഫ് ഉപരോധം ആരംഭിച്ചത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും കടന്നു പോകുന്നതിന് വേണ്ടിയാണ് കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധത്തില്‍ നിന്നും ഒഴിച്ചിട്ടിരുന്നത്. എന്നാല്‍ പല പ്രധാന റോഡുകളും പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിരുന്നതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.

ഇതിനിടെ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിക്കുന്ന മഹാപ്രതിരോധം കൂടിയായപ്പോള്‍ നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായി. യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാന്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെയാണ് എസ്എഫ്‌ഐ മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്. എംജി റോഡ്, പാളയം, വിജെടി, ഹാള്‍, സ്റ്റാച്യു, പുളിമൂട്, ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലാണ് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാളയം പള്ളിയുടെ മുന്നിലും മറ്റ് തിരക്കേറിയ ഭാഗങ്ങളിലും പ്രതിരോധമോ ഉപരോധമോ ഇല്ലെങ്കിലും പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലം ഈ ഭാഗങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ച രാവിലെ ആറ് മുതല്‍ തീരുന്നത് വരെ അതുവഴിയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്തുനിന്നും തിരിഞ്ഞ് നന്ദാവനം, ബേക്കറി, പനവിള വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ മഹാപ്രതിരോധത്തിന് വരുന്ന വാഹനങ്ങള്‍ ആശാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം ബൈപ്പാസിലും എയര്‍പോര്‍ട്ട് റോഡിലുമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നതിനാല്‍ വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെയും രൂപപ്പെട്ടിരിക്കുന്നത്.

പാളയം മുതല്‍ ആയുര്‍വേദ കോളേജ് വരെ കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥയാണുള്ളത്. പ്രവര്‍ത്തി ദിവസമായതിനാല്‍ തന്നെ രാവിലെ ഒമ്പത് മണി മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍

ചിത്രങ്ങള്‍: ജാസിം മൊയ്ദീന്‍

read more:സി.കെ ശശീന്ദ്രന്റെ ജീവിതം: ആഡംബരത്തെക്കുറിച്ചാവാമെങ്കില്‍ ലാളിത്യത്തെക്കുറിച്ചും പറയാം

This post was last modified on July 25, 2019 12:49 pm

Related Post
Leave a Comment