X

ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കാനുള്ള നിര്‍ദ്ദേശത്തിന് കര്‍ണാടക അനുമതി നല്‍കി

ഹിന്ദുമതത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന ലിംഗായത്തുകള്‍ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യ കൂടിയ വിഭാഗക്കാരാണ്

ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അനുമതി. നാഗമോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഈ നിര്‍ദ്ദേശങ്ങള്‍ വച്ച് സിദ്ദരാമയ്യ സര്‍ക്കാര്‍ ഇനി കേന്ദ്രത്തിന് കത്തെഴുതും.

കഴിഞ്ഞ ഡിസംബറിലാണ് കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഏഴംഗ സമിതി രൂപീകരിച്ചത്. പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യമാണ് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി എച്ച്എന്‍ നാഗമോഹന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചത്. മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന ലിംഗായത്തുകള്‍ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യ കൂടിയ വിഭാഗക്കാരാണ്. മൊത്തം ജനസംഖ്യയുടെ 11.5 ശതമാനം മുതല്‍ 19 ശതമാനം വരെ ഇവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. കര്‍ണാടകത്തിലെ 224 അസംബ്ലി മണ്ഡലങ്ങളില്‍ 110 മണ്ഡലങ്ങളിലും ഇവരുടെ വോട്ട് നിര്‍ണായകമാണെന്നാണ് കണക്കാക്കപ്പെടുന്നത്. രാഷ്ട്രീയപരമായി സ്വാധീനമുള്ള വിഭാഗമായാണ് ഇവര്‍ കണക്കാക്കപ്പെടുന്നതും.

അതേസമയം സമീപകാലത്ത് ലിംഗായത്തുകളുടെ പിന്തുണ ലഭിച്ചു വന്നിരുന്ന ബിജെപിയെ പുതിയ നീക്കം ക്ഷീണിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തെ ഹിന്ദുമതത്തില്‍ നിന്നും വേര്‍പ്പെടുത്തി കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി സിദ്ദരാമയ്യ ലിംഗായത്തുകളെ ഭിന്നിപ്പിക്കുകയാണെന്നായിരുന്നു മുന്‍ മന്ത്രിയും ചിക്കമംഗലൂരില്‍ നിന്നുള്ള എംപിയുമായ ശോഭ കരന്ദ്‌ലജെ ആരോപിച്ചത്. സമുദായത്തെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും ഇത് അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ലിംഗായത്തുകളുടെ ആവശ്യം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചെയര്‍പേഴ്‌സണുമായ എം വീരപ്പ മൊയ്‌ലി ജനുവരിയില്‍ പറഞ്ഞത്.