X

അമിത് ഷാ നിങ്ങളാണ് അഹിന്ദു, അല്ലെങ്കില്‍ പറയൂ, നിങ്ങള്‍ ഹിന്ദുവോ ജൈനനോ? വെല്ലുവിളിയുമായി സിദ്ദരാമയ്യ

സിദ്ദരാമയ്യ അഹിന്ദുക്കളുടെ നേതാവാണെന്ന് ഷാ വിമര്‍ശിച്ചിരുന്നു

ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അഹിന്ദു എന്നു വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സിദ്ദരാമയ്യെ വിമര്‍ശിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇത്. ദാവന്‍ഗരെയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഷാ വിമര്‍ശിച്ചത്, സിദ്ദരാമയ്യ ഒരിക്കലും അഹിന്ദ( ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സംബോധന ചെയ്യുന്ന കന്നഡ നാമം) നേതാവ് അല്ലെന്നും മറിച്ച് ഒരു അഹിന്ദു നേതാവ് ആണെന്നുമായിരുന്നു. ഇതിനുള്ള മറുപടിയാണ് സിദ്ദരാമയ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

അമിത് ഷാ അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തതവരുത്തട്ടെ. അമിത് ഷാ ജൈനമതക്കാരനാണ്. ജൈനമതം ഒരു പ്രത്യേകമതമാണ്, ഹിന്ദുമതത്തില്‍പ്പെട്ടതല്ല. അങ്ങനെയുള്ളപ്പോള്‍ എന്നെക്കുറിച്ച് അത്തരത്തില്‍ പറയാന്‍ ഷായ്ക്ക് എന്ത് അവകാശമാണുള്ളത്? മൈസുരില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സിദ്ദരാമയ്യ ചോദിച്ചു.